മാവേലിക്കരയിൽ കാറിൽ അഭ്യാസ പ്രകടനം… നല്ലനടപ്പിന് യുവാക്കൾ… സേവനത്തിനായി ആശുപത്രിയിലെത്തി… ശിക്ഷ പോരെന്ന് നാട്ടുകാർ…
അമ്പലപ്പുഴ: മാവേലിക്കരയിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ സേവനത്തിനായി ആശുപത്രിയിലെത്തി. മാവേലിക്കര ജോയിൻ്റ് ആർ.ടി.ഒ എം.ജി.മനോജിൻ്റെ ഉത്തരവിനെ തുടർന്നാണ് 4 യുവാക്കളും സേവനത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 10 ഓടെ എത്തിയത്.
കെ.പി റോഡിൽ ഞായറാഴ്ച ഇന്നോവ കാറിൽ ഡോറിൽ ഇരുന്ന് അഭ്യാസ പ്രകടനം നടത്തിയ ശൂരനാട് സ്വദേശികളായ അഫ്താലി അലി, ബിലാൽ നാസർ, മുഹമ്മദ് നജാദ്, ഫജാസ് എന്നിവരാണ് സേവനത്തിനായി ആശുപത്രിയിലെത്തിയത്. രാവിലെ 10 ഓടെ ആശുപത്രിയിലെത്തി സുപ്രണ്ടിൻ്റെ നിർദ്ദേശാനുസരണം മെഡിസിൻ അത്യാഹിതത്തിലെത്തി. അംബുലൻസിൽ നിന്നും അത്യാഹിത വിഭാഗത്തിലേക്ക് ട്രോളിയിലും, സ്ട്രെച്ചറിലും കൊണ്ടുവരുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ അടുത്തേക്ക് പരിശോധനക്കായി എത്തിക്കുക, വാർഡുകളിലേക്കും, എക്സ് -റേ പരിശോധനക്കായി രോഗികളെ വീൽചെയറിൽ കൊണ്ടു പോകുക, വാർഡിൽ പ്രവേശിപ്പിക്കേണ്ട രോഗികളെ വാർഡിൽ എത്തിച്ച് കിടക്കയിൽ കിടത്തുക തുടങ്ങിയ ജോലികളാണ് യുവാക്കൾക്ക് നൽകിയത്. സുരക്ഷക്കായി സുരക്ഷാ ജീവനക്കാരേയും സ്ഥലത്ത് നിയോഗിച്ചിരുന്നു. അധികൃതർ നൽകിയ ജോലികൾ പൂർത്തിയാക്കി വൈകിട്ട് 5 ഓടെ യുവാക്കൾ മടങ്ങി.
എന്നാൽ സംഭവത്തിൽ യുവാക്കൾക്ക് കൊടുത്ത ശിക്ഷ പോരെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഒരു വാഹനം മാത്രമല്ല ഇത്തരത്തിൽ പ്രകടനം നടത്തിയതെന്നും സംഭവത്തിൽ സി.സി.റ്റി.വി ക്യാമറ പരിശോധിച്ച് കുറ്റകരമായി വാഹനം ഓടിച്ചവരെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംഭവം കണ്ടവർ അഭിപ്രായപ്പെടുന്നു.