മകൻ മരിച്ചു… വീട്ടിലെത്തിയ മാതാവ് കണ്ടത്… മുറിയിൽ തറ കുഴിച്ചിട്ടിരിക്കുന്നു… മരണത്തിൽ ദുരൂഹത…
വെള്ളറട: വെള്ളറട ഉണ്ടൻ കോട് പീച്ചിയോടിൽ മകൻ മരിച്ച ശേഷം വീട്ടിലെത്തിയ മാതാവ് കണ്ടത് മുറിയിൽ തറ കുഴിച്ചിട്ടിരിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണം.പീച്ചിയോട് കിഴക്കിൻകര വിജീഷ് ഭവനിൽ ബാബുവിൻ്റെയും കമലത്തിൻ്റെയും മകൻ വിജീഷാണ് (38) ഏപ്രിൽ മാസം 28ന് മരിച്ചത്. വിജീഷ് മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. അമ്മ സമീപത്തെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്.
മകൻ്റെ മരണശേഷം സംസ്കാരം വീട്ടുവളപ്പിലാണ് നടത്തിയത്. രണ്ട് ദിവസം മുൻപാണ് അമ്മ കമലം വീട്ടിലെത്തി മുറികൾ തുറന്ന് നോക്കിയത്. അപ്പോളാണ് തറ കുഴിച്ച നിലയിൽ കണ്ടത്. തുടർന്ന് വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു.
വിവാഹിതനാണെങ്കിലും ബന്ധം വേർപിരിഞ്ഞ വിജീഷിനൊപ്പം ഒരു സുഹൃത്ത് വീട്ടിൽ വരാറുണ്ടെന്ന് അമ്മ പറയുന്നു. മഞ്ഞപ്പിത്തം ബാധിച്ച ഫോട്ടോഗ്രാഫറായ വിജീഷ് മാർച്ച് 3ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് അമ്മയുടെ വീട്ടിലെത്തിയിരുന്നു. ശേഷം സുഹൃത്ത് വിജീഷിനെ സ്വന്തം വീട്ടിൽ വിളിച്ചു കൊണ്ട് പോകുകയും പച്ചമരുന്ന് ചികിത്സ നൽകിയതായും അമ്മ പറയുന്നു. പിന്നാലെ ഏപ്രിൽ 12ന് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിൽ എത്തിക്കുകയും 28ന് മരണപ്പെടുകയുമായിരുന്നു.
വീടിൻ്റെ തറ കുഴിച്ചതിനു സമീപം മൺവെട്ടിയും പിക് – ആക്സും ഇരിപ്പുണ്ട്. ദുർമന്ത്രവാദത്തിനോ നിധിയെടുക്കാനോ ആയിരിക്കാം വീടിൻ്റെ തറ കുഴിച്ചതെന്നാണ് ആരോപണം. പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.