മുൻ വോളിബോൾ താരം മരിച്ച നിലയിൽ..മരണം അറിഞ്ഞത് ദുർഗന്ധം വമിച്ചപ്പോൾ…
മുൻ വോളിബോൾ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പാടം കുന്നുകാട്ടിൽ കെകെ സത്യൻ (76)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഒറ്റക്കായിരുന്നു താമസം . വീട്ടിൽ നിന്നു ദുർഗന്ധം വമിച്ചപ്പോഴാണ് സമീപവാസികൾ മരണ വിവരം അറിഞ്ഞത്. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി .
ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്നു വിസ്മയ സ്മാഷുകൾ ഒരുകാലത്ത് പറത്തിയ താരമായിരുന്നു സത്യൻ .കരിമ്പാടം സ്പോർട്ടിങ് സ്റ്റാർ ക്ലബിലൂടെയാണ് സത്യൻ കളിച്ചു വളർന്നത്.1970 മുതൽ 1980 വരെ ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത സത്യൻ ആർമി സപ്ലൈ കോറിനു മിന്നുന്ന ജയങ്ങൾ സമ്മാനിച്ചു. അക്കാലത്ത് സത്യന്‍റെ കട്ടിങ് സ്മാഷുകൾക്ക് ആരാധകർ ഏറെയുണ്ടായിരുന്നു. എച്എംടി, പ്രീമിയർ ടയേഴ്സ്, സർവീസസ് ടീമുകൾക്കായും കളിച്ചിട്ടുണ്ട്.കുറച്ചു കാലമായി ദാരിദ്ര്യത്തിലായിരുന്നു ജീവിതം. സൈന്യത്തിൽ നിന്നു വിടുതൽ വാങ്ങി പോന്നതിനാൽ പെൻഷൻ ലഭിച്ചില്ല. മറ്റു വരുമാനങ്ങളും ഉണ്ടായിരുന്നില്ല. പ്രളയത്തിൽ സത്യന്റെ വീട് തകർന്നിരുന്നു. പിന്നീട് വോളിബോൾ പ്രേമികളും താരങ്ങളും പരിശീലകരും ചേർന്നു രൂപീകരിച്ച കൂട്ടായ്മ സത്യനു വീട് നിർമിച്ചു നൽകിയിരുന്നു .മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .