ഗ്രാമത്തിലെ സ്ത്രീകളെ നിരന്തരം പീഡിപ്പിച്ചു.. ഇരകളിൽ വിധവകളും പ്രായമായവരും.. പഞ്ചായത്തംഗമടക്കം അറസ്റ്റിൽ..

മുന്നറിയിപ്പുകൾക്ക് പുല്ലുവില. സ്ത്രീകളോട് മോശം പെരുമാറ്റം തുടർന്ന് 60കാരൻ. ഒടുവിൽ പീഡനത്തിനിരയായ സ്ത്രീകൾ എല്ലാം ചേർന്ന് 60 കാരനെ കൊന്നു കത്തിച്ചു. ഒഡിഷയിലെ ഗജപതിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗജപതിയിലെ കുയ്ഹുരു ഗ്രാമവാസിയായ കാംബി മാലിക് എന്ന 60കാരനെ ജൂൺ 2 മുതൽ കാണാതായിരുന്നു. ഇയാളുടെ കുടുംബം ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പുറത്ത് പോയ സമയത്താണ് ഇയാളെ കാണാതായത്. സ്വന്തം നിലയിൽ 5 ദിവസം 60 കാരന് വേണ്ടി തിരഞ്ഞ ശേഷവും ഫലം കാണാതെ വന്നതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്

തുട‍ർന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് പാതി കത്തിക്കരിഞ്ഞ നിലയിൽ ഇയാളുടെ മൃതദേഹം ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റ‍ർ അകലെയുള്ള കാട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസിയായ സ്ത്രീയെ പൊലീസിന് സംശയമുണ്ടായിരുന്നു ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്. ഈ സ്ത്രീയെ നേരത്തെ അറുപതുകാരൻ പീഡിപ്പിച്ചിരുന്നു. സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. ഏറെക്കാലമായി 60കാരന്റെ പെരുമാറ്റ ദൂഷ്യം മൂലം ഗ്രാമത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഗ്രാമവാസികൾ വിശദമാക്കുന്നത്. പ്രായമായ സ്ത്രീകളേയും വിധവകളേയും പീഡിപ്പിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നു. നിരവധി തവണ സമുദായത്തിലെ മുതിർന്നവ‍ർ അടക്കം മുന്നറിയിപ്പ് നൽകിയിട്ടും സ്വഭാവത്തിൽ മാറ്റം വരുത്താൻ ഇയാൾ തയ്യാറായിരുന്നില്ല. തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പലരും നാണക്കേട് ഭയന്നും തുറന്ന് പറഞ്ഞിരുന്നുമില്ല. അടുത്തിടെ 52 വയസുള്ള വിധവയെ ഈ 60കാരൻ പീഡനത്തിനിരയാക്കിയിരുന്നു. ഇതോടെ വയോധികൻ ലൈം​ഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളെല്ലാവരും കൂടി, അവസാനം പീഡിപ്പിക്കപ്പെട്ട വിധവയുടെ വീട്ടിൽ ഒത്തുചേർന്നശേഷം ഇയാളെ വകവരുത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.

60കാരന്റെ വീട്ടിലേക്ക് ഒരുമിച്ച് എത്തിയ ശേഷം വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്ന വയോധികനെ ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം മൃതദേഹത്തിന് തീയിട്ടുവെന്നാണ് കൊലപാതക കേസിൽ അറസ്റ്റിലായ സ്ത്രീകൾ പൊലീസിനോട് വിശദമാക്കിയത്. തെളിവ് നശിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൃതദേഹം കത്തിച്ചതെന്നും സ്ത്രീകൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു പഞ്ചായത്തംഗവുമുണ്ട്. ഇവരെ സഹായിക്കാൻ മറ്റ് രണ്ട് പേരുകൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവരെപ്പറ്റിയുള്ള അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്.

Related Articles

Back to top button