മരിക്കാൻ തയ്യാറായി ആലപ്പുഴ ലോഡ്ജിൽ മുറിയെടുത്തു..ആത്മഹത്യക്കുറിപ്പെഴുതാൻ പേന ചോദിച്ചു.. കടയുടമയുടെ പേരെഴുതി ജീവനൊടുക്കി..
ആലപ്പുഴ: മരിക്കാൻ തയ്യാറായി ലോഡ്ജിൽ മുറിയെടുത്തു. ആത്മഹത്യക്കുറിപ്പെഴുതാനുള്ള പേനയ്ക്കും കടലാസിനുമായി അടുത്ത പഴക്കടയിൽ പോയി. അവിടെ വഴക്കുണ്ടാക്കി തിരികെ ലോഡ്ജിലെത്തിയ അൻപത്തൊന്നുകാരൻ കടയുടമയുടെയും മറ്റൊരാളുടെയും പേരുകളെഴുതിവെച്ച് വിഷക്കായ കഴിച്ച് ജീവനൊടുക്കി. ആലപ്പുഴ നഗരസഭ മംഗലം വാർഡ് പള്ളിപ്പറമ്പിൽ വീട്ടിൽ പി.ജെ. ബെന്നി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
കെട്ടിടനിർമാണത്തൊഴിലാളിയായ ബെന്നി, സാമ്പത്തിക ഇടപാടുകളിലെ തർക്കത്തെത്തുടർന്നുണ്ടായ നൈരാശ്യത്തിലാണ് ആത്മഹത്യ ചെയ്യാനായി പുലയൻവഴിക്കടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തതെന്ന് സൗത്ത് പോലീസ് പറഞ്ഞു. ലോഡ്ജിനടുത്ത പഴക്കടയിൽ പോയി പേനയും കടലാസും ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സ്ത്രീ തെറ്റിദ്ധരിച്ചു. ശല്യംചെയ്യാനെത്തിയതാണെന്നു കരുതി സ്ത്രീയും കടയുടമയായ അവരുടെ ഭർത്താവുമായി തർക്കമുണ്ടായി. തുടർന്ന് ലോഡ്ജിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നുെവന്ന് പോലീസ് പറഞ്ഞു.
ഏറെ നേരമായിട്ടും ബെന്നിയെ കാണാഞ്ഞതിനെത്തുടർന്ന് ലോഡ്ജു ജീവനക്കാർക്ക് സംശയം തോന്നി. അവർ ബെന്നിയെ അറിയുന്നവരെ ബന്ധപ്പെട്ടു. അവർ വീട്ടുകാരെ അറിയിച്ചു. ബന്ധുക്കളും ലോഡ്ജു ജീവനക്കാരും ചേർന്ന് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ കണ്ടത് വിഷക്കായ കഴിച്ച് അവശനായ ബെന്നിയെയാണ്. മരണത്തിനു കാരണക്കാരനെന്നു കാട്ടി ഒരാളുടെ പേര് വെള്ളത്തൂവാലയിലും മർദിച്ചെന്നുകാട്ടി പഴക്കടക്കാരന്റെ പേര് മുറിയുടെ തറയിലും എഴുതിവെച്ചിരുന്നു.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബെന്നി ശനിയാഴ്ച രാവിലെ മരിച്ചു. വിഷക്കായ കഴിച്ചതാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.