ഭാസ്‌കര കാരണവർ വധക്കേസ്…ഷെറിൻ ശിക്ഷാ കാലാവധിക്കിടെ 500 ദിവസം ജയിലിന് വെളിയിൽ..പെരുമാറ്റച്ചട്ടമുള്ളപ്പോഴും പുറത്ത്..
ആലപ്പുഴ: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന്‍ സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. തന്റെ മകന്‍ പുറത്തുണ്ടെന്നും അപേക്ഷയില്‍ ഷെറിന്‍ സൂചിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ശിക്ഷാകാലയളവില്‍ ഏറ്റവുമധികം തവണ പരോള്‍ ലഭിച്ച തടവുകാരിയാണ് ഷെറിന്‍. ശിക്ഷാകാലയളവിനിടെ 500 ദിവസത്തോളം ഷെറിന്‍ ജയിലിന് പുറത്തായിരുന്നു. കൊവിഡ് സമയത്തും ഷെറിന്‍ പുറത്തായിരുന്നു.
മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷാകാലാവധി തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പരോള്‍ നേടിത്തുടങ്ങിയിരുന്നു. 2016ല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് കേരളത്തിലെ മറ്റ് തടവുകാര്‍ക്കൊന്നും പരോള്‍ അനുവദിക്കാതിരുന്നപ്പോഴും ഷെറിന് പരോള്‍ കിട്ടിയിരുന്നു. ആദ്യം 30 ദിവസത്തേക്ക് അനുവദിച്ച പരോള്‍ പിന്നീട് 30 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
കാരണവര്‍ കൊലക്കേസിന്റെ വിധി വന്നത് 2010 ജൂണ്‍ 11നാണ്. 2012 മാര്‍ച്ച് മൂന്നിന് ഷെറിന് ആദ്യ പരോള്‍ ലഭിച്ചു. തിരുവനന്തപുരം ജയിലില്‍വെച്ചു മാത്രം എട്ടുതവണ പരോള്‍ ലഭിച്ചു. ഇതില്‍ രണ്ടെണ്ണം അടിയന്തര പരോളായിരുന്നു. ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ഷെറിന്‍. പിന്നീട് നെയ്യാറ്റിന്‍കര വനിതാ ജയിലിലായിരുന്നു. ഇവിടെവെച്ച് അനധികൃതമായി ഫോണ്‍ ഉപയോഗം ഉള്‍പ്പെടെ ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ഷെറിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു.