5 വര്‍ഷമായി കേള്‍വിശക്തി മങ്ങുന്നു.. ചെവിയില്‍ നിന്ന് കണ്ടെത്തിയത്…
നിത്യജീവിതത്തില്‍ നാം കാണിക്കുന്ന അശ്രദ്ധകള്‍ പിന്നീട് നമുക്ക് തന്നെ വലിയ വിനയായി വരാം. പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളില്‍. ഇത്തരത്തിലുള്ള എത്രയോ സംഭവങ്ങള്‍ നാം വായിച്ചും കേട്ടുമെല്ലാം അറിയുന്നു. എങ്കില്‍പോലും പലതും നിസാരമായി തള്ളിക്കളയും.
അങ്ങനെ സംഭവിച്ച ഒരു അശ്രദ്ധ പിന്നീട് ഒരു വ്യക്തിയെ എത്രമാത്രം ബാധിച്ചുവെന്നതിന് ഉദാഹരണമാണ് ഈ സംഭവം. അഞ്ച് വര്‍ഷത്തോളമായി ഒരു റിട്ടയേഡ് നേവി എഞ്ചിനീയര്‍ കേള്‍വി പ്രശ്നം നേരിടുന്നു. തന്റെ ജോലിയുടെ ഭാഗമായി വന്ന പ്രശ്നമാകാം ഇതെന്ന ധാരണയിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഇപ്പോള്‍ 66 വയസുണ്ട് ഇദ്ദേഹത്തിന്. പ്രായാധിക്യമായ കാരണങ്ങളും കേള്‍വിയെ ബാധിക്കുന്നുണ്ടെന്നും ഇദ്ദേഹവും കുടുംബവും വിശ്വസിച്ചു.
എന്നാല്‍ മുന്നോട്ടുപോകുതോറും കേള്‍വിശക്തി നല്ലരീതിയില്‍ മങ്ങി വരുന്നതോടെ ഇനി ഇത് കേള്‍വി പൂര്‍ണമായും ഇല്ലാതാകുമോ എന്ന് വാലസ് ലീയും ഭാര്യയും ഭയന്നു. തുടര്‍ന്നാണ് വീട്ടില്‍ വച്ചുതന്നെ ചെവിക്കകം ക്യാമറ വച്ച് പരിശോധിക്കാവുന്ന എൻഡോസ്കോപ്പി കിറ്റ് വാങ്ങാൻ ഇവര്‍ തീരുമാനിക്കുന്നത്. ഇത് വാങ്ങി പരിശോധിച്ചതോടെ ചെവിക്കുള്ളില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി ഇവര്‍ കണ്ടു. ഇതാണോ കേള്‍വിശക്തിയെ ബാധിക്കുന്നതെന്ന് പരിശോധിക്കുന്നതിനായി വൈകാതെ തന്നെ ഡോക്ടറെയും സമീപിച്ചു. ആദ്യം ചെവിയില്‍ നിന്ന് ഇത് ലഘുവായ ഉപകരണങ്ങള്‍ കൊണ്ട് വലിച്ചെടുക്കാൻ നോക്കിയെങ്കിലും വര്ഷങ്ങളോളമുള്ള ഇയര്‍ വാക്സും മറ്റും അടിഞ്ഞ് ഉറച്ചുപോയിരുന്നതിനാല്‍ അതിന് സാധിച്ചില്ല.
പിന്നീട് ഒരു സര്‍ജന്റെ സഹായത്തോടെയാണ് സംഗതി പുറത്തെടുത്തത്. ഒരു ഇയര്‍ബഡിന്റെ പീസായിരുന്നു അത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനയാത്രയ്ക്കിടെ ഉപയോഗിച്ചതായിരുന്നുവത്രേ ഈ ഇയര്‍ ബഡ്. ഇതിന്റെ അവശിഷ്ടം ചെവിയില്‍ കുടുങ്ങിയത് വാലസ് ലീ അറിഞ്ഞിരുന്നില്ല.
ഇയര്‍ ബഡിന്റെ അവശിഷ്ടം ചെവിയില്‍ നിന്ന് സര്ജൻ പുറത്തെടുത്തതോടെ പെട്ടെന്ന് തന്നെ കേള്‍വിയില്‍ മാറ്റം വന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. തലയ്ക്കകത്ത് കാറ്റ് കയറുന്നതായി തോന്നുകയും വലിയൊരു ഭാരം ഒഴിവായതായി അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി മുറിയിലെ എല്ലാ ശബ്ദവും വ്യക്തമായി കേള്‍ക്കാൻ സാധിച്ചുവെന്നാണ് ഇദ്ദേഹം പറയുന്നത്. എന്തായാലും വാലസ് ലീയുടെ ഈ അനുഭവം വലിയ രീതിയിലാണ് വാര്‍ത്താശ്രദ്ധ നേടുന്നത്. യു.കെയിലെ വേമൗത്തില്‍ നിന്നാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിത്യജീവിതത്തില്‍ നാം വരുത്തുന്ന അശ്രദ്ധകള്‍ പിന്നീട് എത്രമാത്രമാണ് നമ്മെ ബാധിക്കുകയെന്നത് വ്യക്തമാക്കുന്നതാണ് വാലസ് ലീയുടെ അനുഭവമെന്ന് നിസംശയം പറയാം.