19കാരൻെറ ദാരുണ മരണം..വിശദീകരണവുമായി കെഎസ്ഇബിയും വൈദ്യുതി മന്ത്രിയും…

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിൽ കയറി നിന്ന വിദ്യാർത്ഥി തൂണിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മറുപടിയുമായി കെഎസ്ഇബിയും വൈദ്യുതി മന്ത്രിയും. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിച്ച സഹോദരൻ റാഫിക്കും ഷോക്കേറ്റിരുന്നു. വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നു എന്ന് കെ എസ് ഇ ബി അറിയിച്ചു. ഇന്നലെ പരിശോധന നടത്തിയപ്പോൾ തകരാർ കണ്ടെത്താനായില്ല.

മഴ പെയ്തപ്പോൾ ഉണ്ടായ പ്രശ്നമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്ന് കോവൂർ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സന്തോഷ് അറിയിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനെ ചുമതലപ്പെടുത്തിയെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം, റിജാസിന്‍റെ മരണത്തിന് കാരണം കെഎസ്ഇബിയാണെന്ന് ആരോപിച്ച് അനാസ്ഥക്കെതിരെ കോവൂര്‍ കെഎസ്ഇബി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. മരണത്തിന് പിന്നിൽ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.

Related Articles

Back to top button