പരിപ്പ് കലത്തിൽ വീണ് സഹോദരി മരിച്ചിട്ട് 2 വ‍ർഷം…പിന്നാലെ കടല വേവിക്കുന്ന പാത്രത്തിൽ വീണ് 18മാസം പ്രായമുള്ള കു‌ഞ്ഞ്.. ദാരുണാന്ത്യം..

പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തിൽ വീണ് സഹോദരി മരിച്ചിട്ട് 2 വർഷം. 18 മാസം പ്രായമുള്ള പെൺകുട്ടി കടല വേവിക്കുന്ന കലത്തിൽ വീണ് പൊള്ളലേറ്റ് മരിച്ചു. ഉത്തർ പ്രദേശിലെ സോൻഭദ്രയിലെ ധൂധിയിലാണ് സംഭവം. വലിയ രീതിയിൽ പൊള്ളലേറ്റ 18 മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹവുമായി വീട്ടിലേക്ക് പോയ രക്ഷിതാക്കൾ ഞായറാഴ്ച തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് വിവരം അറിഞ്ഞ് പരിശോധനയ്ക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും സംസ്കാരം കഴിഞ്ഞിരുന്നു. ചെറിയ തട്ടുകടയിൽ ചാട്ട് വിഭവങ്ങളുടെ കട നടത്തുന്ന ശൈലേന്ദ്ര എന്നയാളുടെ മകളാണ് പൊള്ളലേറ്റ് മരിച്ചത്. വെള്ളിയാഴ്ച പാനീ പൂരി ഉണ്ടാക്കുന്നതിനായി കടല വേവിക്കുന്നതിനിടയിലുണ്ടായ അപകടമെന്നാണ് ഇയാൾ സംഭവത്തേക്കുറിച്ച് പൊലീസിന് മൊഴി നൽകിയത്.

കുഞ്ഞിന്റെ അമ്മ മറ്റൊരു മുറിയിലേക്ക് പോയ സമയത്ത് 18 മാസം പ്രായമുള്ള മകൾ പ്രിയ കലത്തിലേക്ക് വീണുവെന്നാണ് ഇയാളുടെ മൊഴി. മകളുടെ നിലവിളി കേട്ടെത്തിയ അമ്മ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ പൊള്ളലിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ആശുപത്രിക്കാർ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടി മരണപ്പെടുന്നത്. സമാനമായ രീതിയിൽ ദമ്പതികളുടെ മറ്റൊരു മകൾ രണ്ട് വർഷം മുൻപ് മരിച്ചിരുന്നു.

Related Articles

Back to top button