17 കാരിയെ പീഡിപ്പിച്ച പ്രതി ജാമ്യത്തിലിറങ്ങി ഇരയുടെ സഹോദരിയെ പീഡിപ്പിച്ചു
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇരയുടെ ഇളയ സഹോദരിയെ പീഡിപ്പ കേസിൽ യുവാവ് അറസ്റ്റിൽ. നീലൂർ നൂറുമല മാക്കൽ ജിനു(31)വിനെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു വർഷം മുമ്പ് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും കേസിൽ കുടുങ്ങിയ ശേഷം ജാമ്യത്തിലിറങ്ങി ഈ പെൺകുട്ടിയ്ക്കൊപ്പം താമസിക്കുകയും ചെയ്ത യുവാവ് ഇരയുടെ സഹോദരിയെയും പീഡിപ്പിക്കുകയായിരുന്നു.
കടനാട് പ്രദേശത്ത് താമസിക്കുന്ന സഹോദരിമാരെയാണ് പ്രതി പീഡിപ്പിച്ച് ഗർഭിണികളാക്കിയത്. ജേഷ്ഠത്തിക്കു ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസ് പ്രായമുണ്ട്. ഈ കേസിന്റെ വിചാരണ കോട്ടയം കോടതിയിൽ നടന്നു വരികയാണ്. രണ്ടാഴ്ച മുമ്പും ഇതിന്റെ വാദം ഉണ്ടായിരുന്നു.
പെൺകുട്ടിയുടെ ഇളയ സഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന് ലഭിച്ചതിനെ തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ചേച്ചിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് തന്നെയാണ് അനിയത്തിയേയും പീഡിപ്പിച്ചതായി വ്യക്തമായത്. കേസിൽ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണ് ഇയാൾ പീഡനത്തിനിരയായ പെൺകുട്ടിയോടൊപ്പം ഭർത്താവ് എന്ന മട്ടിൽ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.
മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജോസ് കുര്യന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതി ജിനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ കേസിലാണ് അറസ്റ്റ്. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.