അമ്മയും ജ്യേഷ്ഠനും റോയൽ എൻഫീൽഡ് ബുള്ളറ്റ് വിറ്റു…മരണ ശേഷം എന്ത് സംഭവിക്കും? ഗൂഗിളിൽ തിരഞ്ഞ് 17കാരൻ…പിന്നാലെ സ്വയം….
അമ്മയും ജ്യേഷ്ഠനും റോയൽ എൻഫീൽഡ് ബുള്ളറ്റ് വിറ്റതിനെ തുടർന്ന് 17കാരൻ ആത്മഹത്യ ചെയ്തു. സുഹൃത്തുക്കളോടൊപ്പം കറങ്ങിനടക്കുന്നത് തടയാനായാണ് അമ്മയും ജ്യേഷ്ഠനും ചേർന്ന് 17കാരന്റെ ബുള്ളറ്റ് ബൈക്ക് വിറ്റത്. കുടുംബത്തിൻ്റെ തീരുമാനത്തിൽ രോഷാകുലനായ കുട്ടി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഗൂഗിളിൽ “മരണശേഷം ഒരു വ്യക്തിക്ക് എന്ത് സംഭവിക്കും?” എന്ന് കുട്ടി തിരഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. ജനുവരി 11 ന് കുട്ടിയുടെ ജ്യേഷ്ഠൻ മീററ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ പോയ സമയത്താണ് സംഭവം. വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മറ്റൊരു മാർഗത്തിലൂടെ അമ്മയും ജ്യേഷ്ഠനും മുറിയ്ക്ക് അകത്തു കടന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ലെന്നും സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ കറങ്ങിനടക്കുന്നതിന് കുടുംബാംഗങ്ങൾ കുട്ടിയെ പലപ്പോഴും ശകാരിച്ചിരുന്നുവെന്നുമാണ് വിവരം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കരുതിയാണ് ബൈക്ക് വിൽക്കാൻ തീരുമാനിച്ചതെന്നും എന്നാൽ ഇവരുടെ തീരുമാനത്തിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ മീററ്റ് മെഡിക്കൽ കോളേജിലെ നഴ്‌സാണ്. ജ്യേഷ്ഠൻ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണെന്നും കുട്ടിയുടെ പിതാവ് കഴിഞ്ഞ വർഷം മരിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടില്ല. കുട്ടിയ്ക്ക് എങ്ങനെ തോക്ക് കിട്ടിയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.