ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് പതിനാറുകാരൻ മരിച്ചു.. സിസിടിവി ദൃശ്യങ്ങൾ പുറത്ത്…

എറണാകുളം ചെല്ലാനം മാലാഖപ്പടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു. ബസ്സിന്‍റെ ഡോർ അടയ്ക്കാതെ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് പൊലീസ് മോർണിംഗ് സ്റ്റാർ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ഇതിനിടെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ചെല്ലാനം മലാഖപടിയിൽ നിന്നാണ് മോണിങ് സ്റ്റാര്‍ എന്ന സ്വകാര്യ ബസിൽ 16കാരനായ പവൻ സുമോദ് കയറുന്നത്. ബസിൽ കാര്യമായി യാത്രക്കാരുണ്ടായിരുന്നില്ല. ബസിലേക്ക് 16കാരൻ കയറുന്നതും ഡോറിന് സമീപത്തേ സീറ്റിലേക്ക് ഇരിക്കാൻ നോക്കുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.

പിന്നീട് സീറ്റിൽ നിന്ന് എഴുന്നേറ്റ് വാതിൽപടിയിൽ നിന്നുകൊണ്ട് പുറത്തേക്ക് നോക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ഇതിനുശേഷമാണ് അപകടമുണ്ടായത്. ഏതെങ്കിലും തരത്തിൽ വിദ്യാര്‍ത്ഥി മനപ്പൂര്‍വം എടുത്ത് ചാടിയതാണോ അതോ പിടിവിട്ടതാണോയെന്നകാര്യമടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. അപകടത്തിന് ശേഷം പവനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു

Related Articles

Back to top button