ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു….
ലഞ്ച് ബ്രേക്കിന്റെ സമയത്ത് മൂന്ന് പൂരി ഒരുമിച്ച് കഴിക്കാൻ ശ്രമിച്ച 11കാരന് ദാരുണാന്ത്യം. ഉച്ച ഭക്ഷണ സമയത്ത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി അവശനിലയിലായ കുട്ടിയെ അധ്യാപകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരേസമയത്ത് മൂന്നിൽ അധികം പൂരികളാണ് കുട്ടി കഴിക്കാൻ ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. കുട്ടിയുടെ ആരോഗ്യ നില മോശമായതിനാൽ മികച്ച ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ അറിയിച്ചത്.
സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസും സ്കൂൾ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരേൺ ജെയിൻ എന്ന 11കാരനാണ് മരിച്ചത്. സെക്കന്ദരാബാദിലെ അക്ഷര വാഗ്ദേലി ഇന്റർനാഷണൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിരേൻ ജെയിൻ. ഉച്ച ഭക്ഷണത്തിന് പൂരികൾ ഒന്നിച്ച് കഴിച്ചതിന് പിന്നാലെ വിരേൻ ശ്വാസം മുട്ടി നിലത്ത് വീഴുകയായിരുന്നു. സ്കൂൾ അധികൃതർ സമീപത്തുള്ള ഗീത നഴ്സിംഗ് ആശുപത്രിയിലും ഇവിടെ നിന്ന് സെക്കന്ദരാബാദിലെ അപ്പോളോ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റിയിരുന്നു.
സമാനമായ മറ്റൊരു സംഭവത്തിൽ സിഖേദയിലെ കസ്തൂർബാ ഗാന്ധി റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനി സ്കൂളിൽ വീണു മരിച്ചിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പ്രഭാത ഭക്ഷണത്തിന് ഹൽവയും ചായയും കഴിച്ച ശേഷമാണ് കുട്ടി തളർന്ന് വീണത്. കുട്ടിയെ ഉടനടി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയായിരുന്നു.