ബീഡിക്കുറ്റി തൊണ്ടയില്‍ കുടുങ്ങി, പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.. പിതാവിനെതിരെ പരാതി നല്‍കി അമ്മ..

അച്ഛന്‍ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി തൊണ്ടയില്‍ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. ഇവന്റ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്റെ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യത്തിന് കാരണമായത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ബിഹാറിലെ അദ്യാര്‍ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാര്‍ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. ജൂണ്‍ 14നായിരുന്നു സംഭവം. മംഗളൂരുവിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ജൂണ്‍ 14ന് ഉച്ചയോടെയാണ് കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചത്. പിന്നാലെ ദമ്പതികള്‍ കുട്ടിയെ വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ജൂണ്‍ 15നാണ് കുട്ടി മരണപ്പെട്ടത്.

കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങിയതായി വ്യക്തമായതിന് പിന്നാലെയാണ് യുവതി മംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി ഇഴഞ്ഞ് തുടങ്ങുകയും സാധനങ്ങളില്‍ പിടിക്കാനും ശ്രമിക്കുന്നതിനാല്‍ സാധനങ്ങള്‍ പ്രത്യേകിച്ച് ബീഡിക്കുറ്റി അലക്ഷ്യമായി എറിയരുതെന്ന് ഭര്‍ത്താവിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും ഭര്‍ത്താവിന്റെ അശ്രദ്ധമായ പെരുമാറ്റമാണ് കുഞ്ഞിന്റെ ജീവന്‍ പോകാന്‍ കാരണമായതെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button