സ്കൂട്ടര്‍ പിടിച്ചെടുത്തു…റസീപ്റ്റ് നല്‍കിയത് വിനയായി….

മലപ്പുറം: കാളികാവിൽ റോഡരികിൽ ബൈക്കിലിരുന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ സ്‌കൂട്ടർ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ വിവരാവകാശ പ്രവർത്തകൻ കോടതിയെ സമീപിച്ചു. കാളികാവ് വെന്തോടംപടിയിലെ വെന്തോടൻ വീരാൻ കുട്ടിയാണ് കോടതിയെ സമീപിച്ചത്. പരാതി സ്വീകരിച്ച കോടതി പൊലീസിനോട് അടിയന്തിരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വീരാൻകുട്ടിയുടെ വാഹനം പൊലീസ് ഇൻസ്‌പെക്ടർ തടഞ്ഞിരുന്നു.

മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സ്‌കൂട്ടർ ഓടിച്ചെന്നാരോപിച്ചാണ് തടഞ്ഞത്. സ്‌കൂട്ടർ എത്രയും പെട്ടെന്ന് സ്റ്റേഷനിൽ കൊണ്ട് എത്തിച്ചില്ലെങ്കില്‍ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെത്തിച്ച വാഹനം പിന്നീട് വിട്ടുനൽകിയില്ല. പിഴ കോടതിയിൽ അടക്കാമെന്ന വാദവും പൊലീസ് പരിഗണിച്ചില്ല. വാഹനം പിടിച്ചെടുത്തതിന് നൽകിയ റസീപ്റ്റാണ് പൊലീസിന് തന്നെ തലവേദനയായി മാറിയിട്ടുള്ളത്.

റസീപ്റ്റിൽ വണ്ടി പിടിച്ചെടുത്തതിന് കാരണവും നിയമ നടപടി പ്രകാരമുള്ള വകുപ്പും കാണിച്ചിട്ടില്ല. റസീപ്റ്റുമായി വിവരാവകാശ പ്രവർത്തകൻ കോടതിയെ സമീപിക്കുകയായിരുന്നു. ഉടനെ തന്നെ കോടതി പൊലീസിനോട് റിപ്പോർട്ടും തേടി. അനധികൃതമായി വാഹനം പൊലീസ് പിടിച്ച് വെച്ചിരിക്കുകയാണെന്നാണ് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്. വാഹനം പിടിച്ചെടുക്കുന്നതിനുള്ള നിയമ നടപടികളൊന്നും തന്നെ പൊലീസ് പാലിച്ചിട്ടില്ലെന്നും വീരാൻ കുട്ടി പറഞ്ഞു.

രേഖകളുടെ അഭാവം, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് വാഹനം പിടിച്ചെടുക്കരുതെന്ന ഡി ജി പിയുടെ കർശന നിർദേശമുണ്ട്. വാഹനം പിടിച്ചെടുക്കുന്നതിന് വ്യക്തമായ കാരണവും നിയമലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് ഉടമക്ക് നോട്ടീസ് നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നും പാലിക്കാതെ തെറി വിളിച്ചും ഭീഷണിപ്പെടുത്തിയുമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വിവരാവകാശ പ്രവർത്തകൻ എന്നതിനാൽ വൈരാഗ്യം തീർക്കാനാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വീരാൻ കുട്ടി പറഞ്ഞു.

Related Articles

Back to top button