വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം : പുതിയ വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളികൾ
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ . കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാൻഡിൽ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം.
കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാരാണ് നിർദേശിച്ചത്. ഏജൻസി ജീവനക്കാരുടെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വസ്ത്രം മാറാൻ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് റിമാൻഡിൽ ആയ പ്രതികൾ പറയുന്നു. നീറ്റ് പരീക്ഷാവിവാദത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് വിവരം. തുടരന്വേഷണത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പൊലീസ് നിയമപദേശം തേടും. അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപും പൊലീസ് നിയമോപദേശം തേടിയിരുന്നു.