മാവേലിക്കരയിൽ… അയൽവാസിയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്….

മാവേലിക്കര- അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. നൂറനാട് പുലിമേല്‍ കാഞ്ഞിരവിള വീട്ടില്‍ ഭാസ്‌കരനെ (73) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അയല്‍വാസി പുലിമേല്‍ തുണ്ടില്‍ ശ്യാംസുന്ദറിനെ (30) ജീവപര്യന്തം തടവിന് ശിക്ഷിച്ച് അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി വി.ജി ശ്രീദേവി ഉത്തരവായത്. വിധി കേള്‍ക്കാന്‍ ഭാസ്‌കരന്റെ ഭാര്യ ശാന്തമ്മയും മകള്‍ ഗീതാകുമാരിയും കോടതിയില്‍ എത്തിയിരുന്നു.

2020 മാർച്ച് 14ന് രാവിലെ 9.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുവളപ്പിലെ അലക്കു കല്ലിൽ പല്ലുതേച്ചുകൊണ്ടിരിക്കുകയായിരുന്നു ഭാസ്കരനെ പിന്നിലൂടെവന്ന പ്രതി ഭാസ്കരന്റെ തോളിൽക്കിടന്ന തോർത്തുകൊണ്ട് കഴുത്ത് ഞെരുക്കുകയും കൈയിൽ കരുതിയ കത്തികൊണ്ട് കഴുത്തറുക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യ ശാന്തമ്മയെയും കൊലപ്പെടുത്താൻ ശ്രമിച്ചു. ഇടതുകൈക്കും തലയിലും വെട്ടേറ്റ ശാന്തമ്മ ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ്, അന്നത്തെ നൂറനാട് എസ്.ഐ വി.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പൊലീസ് വാഹനത്തിൽ ഭാസ്കരനേയും ശാന്തമ്മയെയും ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഭാസ്കരന്റെ മരിച്ചിരുന്നു.

അറുപതു ദിവസത്തിനുള്ളിൽ കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. ആകെ 23 സാക്ഷികളെയും ഏഴു തൊണ്ടിമുതലുകളും 39 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഭാസ്കരൻ ഭാര്യ ശാന്തമ്മയും മരുമകൾ ജയ പ്രഭയുമായിരുന്നു പ്രധാന സാക്ഷികൾ. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

Back to top button