മധുര പ്രതികാരവുമായി യുവാവ്
വിമാനത്താവളങ്ങളിലെ പരിശോധനയില്‍ സ്വര്‍ണവും ലഹരിമരുന്നും മാത്രമല്ല ഭക്ഷണ സാധനങ്ങളും പിടികൂടാറുണ്ട്. വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുപോയ ഭക്ഷണ സാധനം വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥ പലരും നേരിട്ടിട്ടുണ്ടാകും. എന്നാല്‍ അങ്ങനെ വന്ന ഒരു സാഹചര്യത്തെ മനോഹരമായി കൈകാര്യം ചെയ്ത ഒരു യുവാവിന്‍റെ വീഡിയോ വൈറലാകുന്നു. തായ്ലാന്‍ഡിലെ ഫുകേത് വിമാനത്താവളത്തില്‍ നിന്നുള്ളതാണ് രസകരമായ കാഴ്ച.
ഹിമാന്‍ഷു ദേവ്ഗണ്‍ എന്ന യുവാവ് ലഗേജിനൊപ്പം കൊണ്ടുപോയ ഒരു ടിണ്‍ ഗുലാബ് ജാമൂനാണ് വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങിയത്. ഭക്ഷണ വസ്തുകൊണ്ടുപോകാനുള്ള അനുമതി ഇല്ലെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ യുവാവിനോട് വിശദമാക്കി. യുവാവ് ഏറെ ആഗ്രഹിച്ച് കൊണ്ടുപോയ ഗുലാബ് ജാമൂന്‍ അങ്ങനെ കളഞ്ഞിട്ട് പോരാന്‍ യുവാവും തയ്യാറായില്ല. ടിന്‍ പൊട്ടിച്ച യുവാവ് അതിലെ ഗുലാബ് ജാമൂനുകള്‍ സുരക്ഷാ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് തന്നെ വിതരണം ചെയ്യുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാര്‍ ഗുലാബ് ജാമൂന്‍ കഴിക്കുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
യുവാവ് തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്. യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മധുരമുള്ള പ്രതികാരമെന്നാണ് മിക്കവരും വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. സമാനമായ അനുഭവം ലണ്ടന്‍ വിമാനത്താവളത്തില്‍ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ ഈ ആശയം അന്ന് തോന്നിയില്ലെന്നുമാണ് മറ്റൊരാള്‍ പ്രതികരിച്ചിരിക്കുന്നത്. പാഴ്വസ്തുക്കളുടെ കൂട്ടത്തിലേക്ക് കളയുന്നതിനേക്കാള്‍ നല്ലത് ഇതാണ് എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്. ഫുകേത് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ മനോഭാവത്തിനും നെറ്റിസണ്‍സ് കയ്യടിക്കുന്നുണ്ട്.