പ്രമേഹമുണ്ടോയെന്ന് നഖം നോക്കി തിരിച്ചറിയാം
പ്രമേഹം ഇന്ന് ലോകമെമ്പാടും സർവ്വസാധാരണമാണ്. കൂടുതല്‍ ആളുകളിലും ടൈപ്പ് -2 പ്രമേഹമാണ് കാണപ്പെടുന്നത്. ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നത്.
ഒരു വ്യക്തിയുടെ കൈകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ടൈപ്പ്-2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. പ്രമേഹത്തിന്റെ ചില ലക്ഷണങ്ങള്‍ ഒരാളുടെ കൈയിലെ നഖങ്ങളില്‍ ഒളിഞ്ഞിരിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
പ്രമേഹം ബാധിച്ചവരില്‍ രക്തചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാണപ്പെടുന്നുണ്ട്. നഖങ്ങള്‍ക്ക് ചുറ്റുമുള്ള ചുവപ്പ് പ്രമേഹത്തെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, നഖത്തിന്റെ പുറംതൊലിയിലും (നഖങ്ങളുടെ വെളുത്ത ഭാഗം) ശ്രദ്ധ നല്‍കണം.
കൈകളിലെ നഖങ്ങളില്‍ നിന്ന് മാത്രമല്ല, കാലുകളിലെ നഖങ്ങളിൽ നിന്നും പ്രമേഹം മനസ്സിലാക്കാം. പ്രമേഹ രോഗികളില്‍ ഒനികോമൈക്കോസിസ് എന്ന ഫംഗസ് അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതായാണ് കാണപ്പെടുന്നത്. അത്തരക്കാരിൽ, നഖങ്ങളുടെ നിറം മഞ്ഞയായി മാറിയേക്കാം, നഖങ്ങളുടെ ഉപരിതലത്തിലെ മിനുസം നഷ്ടപ്പെടും. പ്രമേഹമുള്ളയാള്‍ക്ക് അമിതമായി മൂത്രം പോകുന്ന സ്വഭാവവും ഉണ്ട്.
പെട്ടെന്ന് ശരീരഭാരം കുറയുകയോ വളരെ ദാഹം അനുഭവപ്പെടുകയോ പ്രമേഹത്തിന്റെ ലക്ഷണങ്ങളാകാം. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ഉണങ്ങാത്ത മുറിവുകള്‍, കണ്ണുകള്‍ മങ്ങല്‍ എന്നിവയും പ്രമേഹത്തിന്റെ ഗുരുതരമായ ലക്ഷണങ്ങളാണ്.