ചികിത്സയിൽ കഴിയുന്ന രോഗിയുടെ മുറിവിൽ പുഴു അരിച്ചു… ആലപ്പുഴ മെഡിക്കൽ കോളേജിൽ….

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശരീരത്താണ് വൃണം പഴുത്ത് പുഴു അരിച്ചത്. എരമല്ലൂർ എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കട്ടേഴത്ത് കോളനിയിൽ ജ്യോതിഷിൻ്റെ ഭാര്യ ജാസ്മിൻ (21) ൻ്റെ ദേഹത്തെ മുറിവാണ് വലുതായി പഴുപ്പു കയറി പുഴു അരിച്ചത്. കഴിഞ്ഞ 7 ന് ജ്യോതിഷും ജാസ്മിനുമായി ബൈക്കിൽ തുറവൂരിലേക്ക് പോകവെ ലോറി ബൈക്കിൽ തട്ടിയാണ് അപകടം ഉണ്ടായത്. താഴെ വീണ ജാസ്മിൻ്റെ ഇടുപ്പ് എല്ലിന് പരിക്കേൽക്കുകയും, ശരീരത്തിൻ്റെ പല ഭാഗങ്ങളിലും മുറിവും ഏറ്റിരുന്നു. തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 8 മാസം ഗർഭിണി ആയിരുന്ന ജാസ്മിനെ 8 ന് സിസേറിയൻ ചെയ്ത് കുട്ടിയെ പുറത്തെടുത്തു. അപകടത്തിൽ കുഞ്ഞിൻ്റെ തലക്കും പരിക്കേറ്റതിനാൽ കുട്ടികളുടെ ഐ.സി.യുവിലേക്ക് കുഞ്ഞിനെ മാറ്റി.

ജാസ്മിൻ്റെ ഇടുപ്പ് എല്ലിന് നാലു ശസ്ത്രക്രിയകൾ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.16ന് ആദ്യത്തെ ശസ്ത്രക്രിയ നടത്താനായി തീയ്യറ്ററിൽ കിടത്തിയപ്പോൾ ഡോക്ടർ ഇവരുടെ പിന്നിലെ മുറിവു കാണുകയും പുഴു അരിക്കുന്നുണ്ടെന്ന് കൂടെ നിന്ന ഹൗസ് സർജന്മാരോട് പറയുന്നത് ജാസ്മിൻ കേട്ടിരുന്നു. ശസ്ത്രക്രിയക്കു ശേഷം പതിനെട്ടാം വാർഡിൽ പ്രവേശിപ്പിച്ച ജാസ്മിമിന് കടുത്ത വേദനയും അപകടത്തെ തുടർന്ന് പിൻഭാഗത്തുണ്ടായ മുറിവ് പഴുക്കുകയും ആയിരുന്നു. ഇതിന് ശേഷം മെയിൻ ഡോക്ടർ വാർഡിൽ പരിശോധനക്കായി എത്തിയിട്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഹൗസ് സർജന്മാർ വരുന്നുണ്ടെങ്കിലും അവരോട് പറഞ്ഞിട്ടും ശ്രദ്ധിക്കുന്നില്ലെന്നാണ് ജ്യോതിഷ് പറയുന്നത്. സൂപ്രണ്ട് ഡോ.സജീവ് ജോർജ് പുളിക്കലിനോട് പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെന്നും ഇവർ പറയുന്നു. മറ്റ് ആശുപത്രിയിലേക്ക് പോകണമെങ്കിൽ സ്വന്തം റിസ്ക്കിൽ പോകാനാണ് പരിശോധനക്ക് വാർഡിലെത്തുന്ന ജൂനിയർ ഡോക്ടർമാർ പറയുന്നതെന്നും ഭർത്താവ് ജ്യോതി പറയുന്നു. ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Related Articles

Back to top button