ഏഴിലൊരാള്‍ പുറത്ത്… അടുത്ത എവിക്ഷന് പ്രഖ്യാപിച്ച് ബിഗ് ബോസ്…
അടുത്ത എവിക്ഷന് പ്രഖ്യാപിച്ചു. ഏഴ് പേരാണ് ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നത്. നന്ദന, അപ്സര, ശരണ്യ, ജിന്റോ, ശ്രീതു, സിജോ, ശ്രീരേഖ എന്നിവര്‍. കഴിഞ്ഞ ആഴ്ചയിലേത് പോലെ നാടകീയമായി ആയിരുന്നു ഇന്നും ബിഗ് ബോസിന്റെ പുറത്താക്കല്‍ പ്രഖ്യാപനം.
നോമിനേഷന് ലിസ്റ്റില്‍ ഉള്ളവരില്‍ അപ്സര, ജിന്റോ, ശ്രീതു, സിജോ, ശ്രീരേഖ എന്നിവരോട് ഇരിക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവര്‍ സേഫ് ആയിട്ടില്ലെന്നും പ്രേക്ഷകവിധി നാളെ പറയുമെന്നും അദ്ദേഹം അറിയിച്ചു. അവശേഷിച്ചത് നന്ദനയും ശരണ്യയുമാണ്. വേറിട്ട രീതിയിലായിരുന്നു ഇവരുടെ എവിക്ഷന് പ്രഖ്യാപനം. ഒരു പോസ്റ്റ്മാന് ഹൗസിലേക്ക് എത്തി ഇരുവര്‍ക്കും കവറുകള്‍ നല്കി. ഇതില്‍ ഇംഗ്ലീഷ് അക്ഷരങ്ങളാണ് ഉണ്ടായിരുന്നത്. ഇവ ഗാര്ഡന് ഏരിയയിലെ ബോര്‍ഡില്‍ പൂര്‍ണ്ണമായും എഴുതുക എന്നതായിരുന്നു ടാസ്ക്. ആദ്യ റൗണ്ടില്‍ രണ്ട് പേര്‍ക്കും പേര് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പോസ്റ്റ്മാന് ഒരിക്കല്‍ക്കൂടി വരുമെന്ന് ബിഗ് ബോസ് അറിയിച്ചു. ഇപ്രകാരം എത്തിയ പോസ്റ്റ്മാന് രണ്ടുപേര്‍ക്കും ഓരോ കവറുകള്‍ കൂടി നല്കി. ഇപ്രാവശ്യം പേര് പൂര്‍ത്തിയാക്കാന്‍ നന്ദനയ്ക്ക് സാധിച്ചു. എന്നാല്‍ ശരണ്യയ്ക്ക് അക്ഷരങ്ങള്‍ തികയാതെവന്നു. പിന്നാലെ ബിഗ് ബോസിന്റെ ഔദ്യോഗിക അറിയിപ്പും എത്തി.
പ്രേക്ഷകവിധി പ്രകാരം ശരണ്യ ബിഗ് ബോസ് വീടിനോട് വിടപറയുകയാണ് എന്ന്. വിഷമമുണ്ടെങ്കിലും സംയമനത്തോടെയായിരുന്നു ശരണ്യയുടെ പ്രതികരണം. 60 ദിവസത്തിലേറെ ഒപ്പം കഴിഞ്ഞവരോട് യാത്ര ചോദിച്ച് ശരണ്യ ബിഗ് ബോസ് മലയാളം സീസണ് 6 നോട് വിട പറഞ്ഞു. അതേസമയം അവശേഷിക്കുന്ന അഞ്ച് പേരില്‍ ആരെങ്കിലും നാളെ എവിക്റ്റ് ആവുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.