ഇന്ത്യൻ ആർമിക്കായി മൂന്നാം ക്ലാസുകാരന്റെ കത്ത്.. തനിക്കും വലുതായി നാടിനെ രക്ഷിക്കണം.. പങ്കുവെച്ച് സതേൺ കമാൻഡ്…
മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിൽ ഫയര്‍ഫോഴ്സും എൻഡിആര്‍എഫും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും പിന്നെ ഇന്ത്യൻ കര-നാവിക-വായു സേനകളുടെയും പങ്ക് ചെറുതല്ല. രക്ഷാ പ്രവര്‍ത്തനത്തിന് ഏറ്റവും നിര്‍ണായകമായ ബെയ്ലി പാലം നിര്‍മിച്ചതടക്കം ഇന്ത്യൻ ആര്‍മിയാണ് പിന്നീടുള്ള ദൗത്യത്തിന് നേതൃത്വം നൽകിയത്.
ഇന്ത്യൻ ആര്‍മിയുടെ ഈ രക്ഷപ്രവര്‍ത്തനങ്ങൾ ടെലിവിഷനിലൂടെ കണ്ട ഒരു മൂന്നാം ക്ലാസുകാരൻ കരസേനയ്ക്ക് എഴുതിയ കത്ത് ഇന്ത്യൻ ആര്‍മിയുടെ സതേൺ കമാന്റിന്റെ ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുകയാണ്. ‘പ്രിയപ്പെട്ട ആര്‍മി, ഞാൻ റയാൻ വയനാട്ടിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ കുറേ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്ക്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിര്‍മ്മിക്കുന്നത് വീഡിയോയിൽ കാണുമ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആര്‍മിയായി നാടിനെ രക്ഷിക്കും. എന്ന് റയാൻ. ക്ലാസ് -3 എഎംഎൽപിഎസ് വെള്ളോയിക്കോഡ്- എന്നതാണ് പൂര്‍ണരൂപം. ഈ കത്തിന്റെ ഇംഗ്ലീഷ് ട്രാൻസിലേഷൻ സഹിതമാണ് ഇന്ത്യൻ ആര്‍മി കത്ത് പങ്കുവച്ചിരിക്കുന്നത്.