ആധാർ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്!
രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വിവിധ ആവശ്യങ്ങൾക്ക് ഇന്ന് ആധാർ കാർഡ് നിർബന്ധമാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന തിരിച്ചറിയൽ രേഖയെന്ന സവിശേഷതയും ആധാർ കാർഡിനുണ്ട്. ഇത്തവണ ആധാർ കാർഡ് ഉടമകൾക്ക് പ്രത്യേക സേവനവുമായാണ് ആധാർ കാർഡിന്റെ റെഗുലേറ്ററി ബോഡിയായ യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആധാർ കാർഡിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ പുതിയ ടോൾ ഫ്രീ നമ്പറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ററാക്റ്റീവ് വോയിസ് റെസ്പോൺസ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഈ ഉപഭോക്തൃ സേവനം തികച്ചും സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ്.
‘1947’ എന്ന ടോൾ ഫ്രീ നമ്പറാണ് യുഐഡിഎഐ അവതരിപ്പിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ആധാർ എൻറോൾമെന്റ് അല്ലെങ്കിൽ, അപ്ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാർഡ് സ്റ്റാറ്റസ് എന്നിവ എസ്എംഎസ് വഴി ലഭിക്കാനും ഈ സേവനം പ്രയോജനപ്പെടുത്താം. അതേസമയം, ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കുന്നതിനുള്ള ഓൺലൈൻ നടപടികൾ ലളിതമാക്കിയിട്ടുണ്ടെന്നും യുഐഡിഎഐ അറിയിച്ചു.