അടുക്കള സിങ്കിലെ രൂക്ഷ ഗന്ധത്തോട് വിട പറയാം…
ഒരു വീട്ടിൽ ഏറ്റവുമധികം വൃത്തി വേണ്ടയിടമാണ് അടുക്കള. വൃത്തിയും ഭംഗിയുമൊക്കെ തീർച്ചയായും അടുക്കളയ്‌ക്ക് ആവശ്യമാണ്. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാം പാകം ചെയ്യുന്നിടമായത് കൊണ്ട് തന്നെ പെട്ടെന്ന് വൃത്തിക്കേടാകാനും സാദ്ധ്യതയുണ്ട്. ഇത്തിരി മീനോ ഇറച്ചിയോ വൃത്തിയാക്കിയാൽ മതി അടുക്കളയുടെ ചന്തം മാറാൻ. ഇത് മാറാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് വീട്ടിലെ സ്ത്രീകൾ.
അതുപോലെ തന്നെ എന്നും എപ്പോഴും വൃത്തിയായി പരിപാലിക്കേണ്ടയിടമാണ് സിങ്ക്. ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങളും കറിയ്‌ക്ക് അരിഞ്ഞതുമെല്ലാം പൊതുവേ ഇടുന്നത് സിങ്കിലാണ്. ഇത് പല തരത്തിലുള്ള ബാക്ടീരിയകൾക്കും മറ്റ് കീടാണുക്കൾക്കും വളരാൻ കാരണമാകും. ഇതുവഴി സിങ്കിൽ രൂക്ഷഗന്ധവും ഉണ്ടാകാറുണ്ട്. ഇത് മാറാനായി നിരവധി വഴികൾ പയറ്റി മടത്തവരാണ് പല അമ്മമാരും. എന്നാൽ അവർക്കായി ചില പൊടിക്കൈകൾ ഇതാ…
നാരങ്ങ പിഴഞ്ഞ് അതിന്റെ തൊലി കളയാൻ വരുന്നതിന് മുൻപ് സിങ്കിലെ ദുർഗന്ധം മാറ്റാനൊന്ന് ഉപയോഗിച്ച് നോക്കൂ. നാരങ്ങ നീര് പിഴിഞ്ഞെടുത്ത് നാരങ്ങയുടെ ഉള്ളിൽ ഉപ്പ് ചേർക്കുക. തുടർന്ന് ഇത് സിങ്ക് മുഴുലൻ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറോളം കുതിർത്ത ശേഷം കഴുകി വൃത്തിയാക്കുക. ഇത് സിങ്കിലെ രൂക്ഷ ഗന്ധം അകറ്റുന്നതിന് പുറമേ തിളക്കവും നൽകുന്നു. വൃത്തിയ്‌ക്കൊപ്പം മണവും നാരങ്ങ നൽകുന്നു.
അച്ചാറിടാനുപയോഗിക്കുന്ന വിനാഗിരിയും സിങ്ക് വൃത്തിയാക്കാൻ മിടുക്കനാണ്. ഒരു കപ്പ് വെള്ളത്തിൽ മൂന്ന് കപ്പ് വിനാഗിരി ചേർത്ത് കുറച്ച് ബേക്കിംഗ് സോഡയും നാരങ്ങാ നീരും ചേർക്കുക. ഈ മിശ്രിതം ഒഴിച്ച് സിങ്ക് വൃത്തിയാക്കണം. തിളക്കവും സുഗന്ധവും നൽകും.
ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങിന് മുകളിൽ ഉപ്പ് വിതറി വെയ്‌ക്കുന്നത് അടുക്കളയിലെ ദുർഗന്ധം അകറ്റാൻ സഹായിക്കും. ചെറുനാരങ്ങ തൊലി, ഓറഞ്ച് തൊലി, കറുവപ്പട്ട അല്ലെങ്കിൽ ഗ്രാമ്പൂ എന്നിവ കുറഞ്ഞത് 30 മിനിറ്റെങ്കിലും വെള്ളത്തിൽ തിളപ്പിച്ച് എയർ ഫ്രെഷനർ ഉണ്ടാക്കുക. ഇതിൽ നിന്നുമുണ്ടാകുന്ന നീരാവി അടുക്കളയിലെ എല്ലാ ഗന്ധങ്ങളെയും ആഗിരണം ചെയ്യുന്നു.
സിങ്കിനൊപ്പം സിങ്കിലേക്കുള്ള പൈപ്പുകളും വൃത്തിയായി പരിപാലിക്കേണ്ടത് അനിവാര്യമാണ്. അതിനായി രാത്രി കിടക്കും മുൻപ് സിങ്കിൽ അൽപ്പം ബ്ലീച്ചിംഗ് പൗഡർ ഇട്ട് അതിലേക്ക് ചൂടുവെള്ളം ഒഴിച്ചിടുക. അത് സിങ്കിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ മാറ്റാൻ സഹായിക്കും. കൃത്യമായ ഇടവേളകളിൽ ഇത് വൃത്തിയാക്കേണ്ടതാണ്.