പെണ്ണുകാണൽ പീഡനം, യുവതി ആശുപത്രിയിൽ

പെണ്ണുകാണാൻ വന്നവർ വീട്ടിനുള്ളിലെ മുറിയിൽ കയറി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. മാനസികമായി തളർന്ന് അവശയായ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ യുവതിയുടെ ബന്ധുക്കൾ സംഘത്തിലെ പുരുഷന്മാരെ പിടിച്ചുവെക്കുകയും അവരുടെ വാഹനം തടഞ്ഞുവെക്കുകയും ചെയ്തു.

നാദാപുരം വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് ആണ് സംഭവം. വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് പെണ്ണ് കാണാനെത്തിയത്. യുവാവ് ഖത്തറിലാണ്. രണ്ടുദിവസം മുമ്പ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇവർക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടർന്നാണ് വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തിയത്.

സ്ത്രീകൾ ഒന്നിച്ച് മുറിയിൽ കയറി യുവതിയുമായി സംസാരിച്ചു. ബിരുദവിദ്യാർഥിയായ യുവതിയെ കതകടച്ചാണ് ഒരു മണിക്കൂറിലധികം ഇന്റർവ്യൂ നടത്തിയത്. തുടർന്ന് വീട്ടിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചു. തുടർന്ന് കല്യാണച്ചെക്കന്റെ അടുത്ത ബന്ധുക്കൾ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞതോടെയാണ് രംഗം വഷളായത്.

യുവാവിന്റെ ബന്ധുക്കളുടെ നിലപാടും മകളുടെ അവസ്ഥയും കണ്ടതോടെ ഗൃഹനാഥൻ സംഘത്തിലുള്ളവർക്കെതിരേ രംഗത്തെത്തി. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. സ്ത്രീകൾ ഭയപ്പെട്ടതോടെ നാട്ടുകാരുടെ അഭിപ്രായം പരിഗണിച്ച് അവരെ വിട്ടയച്ചു. ഒപ്പമുണ്ടായിരുന്നു രണ്ടു പുരുഷൻമാരെ രണ്ടു മണിക്കൂറോളം വീട്ടിൽ ബന്ദിയാക്കി. സംഘമെത്തിയ കാറുകളിൽ ഒന്ന് വിട്ടുകൊടുത്തില്ല.

പെണ്ണുകാണൽ ചടങ്ങിന്റെ പേരിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ വിശദീകരണം. ഇദ്ദേഹവും പ്രവാസിയാണ്. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയപ്പാർട്ടി നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button