സുഗന്ധഗിരി വനംകൊള്ള… രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൂടി സസ്പെൻഷൻ…
കോഴിക്കോട്: വയനാട് സുഗന്ധഗിരി വനംകൊള്ളയിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൂടി സസ്പെൻഷൻ. കെ.പി.സജിപ്രസാദ്, എം.കെ. വിനോദ് കുമാർ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി.
അതിനിടെ, സുഗന്ധഗിരി വനം കൊള്ളയിൽ കേന്ദ്രാന്വേഷണത്തിനും നടപടി തുടങ്ങി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് കൗൺസിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ജില്ലയിലെ ഉന്നത വനം ഉദ്യോഗസ്ഥർക്കും കൊള്ളയിൽ അറിവുണ്ടെന്നും സ്വതന്ത്ര ഏജൻസിയുടെ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ എന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതി അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫിസിലേക്ക് കൈമാറിയതായും അന്വേഷണം ഉണ്ടാകുമെന്നുമാണു സംഘടനയുടെ പ്രസിഡന്റ് എസ്.ജെ.സഞ്ജീവിനു മന്ത്രാലയത്തിൽ നിന്നു ലഭിച്ച മറുപടി.