സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും…. ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്.
അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണാർക്കാട് മേഖലയിൽ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Back to top button