വഴിമുട്ടി ഷിരൂർ ദൗത്യം..ദൗത്യം താത്കാലികമായി അവസാനിപ്പിക്കുന്നു..അന്തിമതീരുമാനം വൈകീട്ട്…
ഗംഗാവാലി പുഴയിൽ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം താത്കാലിമായി അവസാനിപ്പിക്കുന്നതായി സൂചന. പുഴ ശാന്തമായാൽ വീണ്ടും ദൗത്യം ആരംഭിക്കും. വൈകിട്ട് കാർവാറിൽ ഉന്നതതല യോഗം ചേർന്ന ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്നാണ് സൂചന. ഇനി തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കേണ്ടത് തമിഴ്നാട്ടിൽ നിന്ന് റോഡ് മാർഗമാണ്. ഇതിനായി നാല് ദിവസമെങ്കിലും വേണ്ടി വരും. വരുന്ന നാല് ദിവസത്തേക്ക് തിരച്ചിൽ നിർത്തിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മാൽപെ സംഘം ഷിരൂരിൽ നിന്ന് ഇന്ന് മടങ്ങും.
അതേസമയം അർജുൻ്റെ കുടുംബത്തിൻ്റെ ദുഃഖം സഹിക്കാനാകുന്നില്ലെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഇന്ന് രണ്ട് തവണ ഡൈവിങ് നടത്തി. മൂന്ന് സ്ഥലങ്ങളിലാണ് തിരച്ചിൽനടത്തിയത്. എന്നാൽ ഒന്നും ലഭിച്ചില്ല, പുഴയിൽ കൂറ്റൻ ആൽമരം ഉണ്ട്. നിറയെ ചെളിയും കമ്പികളും മരകഷ്ണവുമാണുണ്ടായിരുന്നത്. ട്രക്ക് എവിടെയാണെന്ന് കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുഴയിലെ വെള്ളം കലങ്ങി മറിഞ്ഞ നിലയിലാണ്. അത് തെളിയണം. താത്കാലികമായാണ് പിന്മാറുന്നത്. തിരച്ചിൽ തുടരും, എപ്പോൾ വിളിച്ചാലും തങ്ങൾ വരുമെന്നും ഈശ്വർ മാൽപെ പറഞ്ഞു.