വയോജന ദിനത്തിൽ കെ.വി.യശോധരനെ ആദരിച്ചു
മാവേലിക്കര- പതിനാലു വർഷക്കാലം തെക്കേക്കര ഗ്രാമപ്പഞ്ചായത്തംഗമായിരിക്കുകയും അതിൽ ഏഴ് വർഷവും മൂന്നുമാസവും പ്രസിഡൻ്റായി സേവനമനുഷ്ടിക്കുകയും ചെയ്ത കെ.വി.യശോധരനെ അന്താരാഷ്ട്ര വയോജനദിനത്തിൽ ആദരിച്ചു. മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് തൊണ്ണൂറ് വയസ്സിലെത്തി വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തെ ആദരിച്ചത്.
രണ്ടിടത്തായിക്കിടന്ന കുറത്തികാട് പബ്ലിക് മാർക്കറ്റിനെ ഒന്നാക്കി മാറ്റുന്നതും പഴയ മത്സ്യമാർക്കറ്റ് പ്രവർത്തിച്ച ഭൂമി സ്വകാര്യ വ്യക്തിയിൽ നിന്നും വിലയ്ക്ക് വാങ്ങി അവിടെ കമ്മ്യൂണിറ്റി ഹാളും വ്യാപാര സമുഛയവും സ്ഥാപിച്ചതും ഇന്നത്തെ പഞ്ചായത്താഫീസ് പ്രവർത്തിക്കുന്ന ഭൂമി വാങ്ങുന്നതടക്കമുള്ള വികസന പ്രവർത്തനങ്ങൾ കെ.വി.യശോധരൻ്റെ ഭരണ മികവിൻ്റെ ഉദാഹരണങ്ങളാണ്.
വാർഡ് മെമ്പർ പി.അജിത് കെ.വി.യശോധരനെ പൊന്നാട ചാർത്തി. സാന്ത്വനം പ്രസിഡൻ്റ് അഡ്വ.കെ.സുരേഷ്കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, രാധാകൃഷ്ണൻ സുദർശനം, മധുകുമാർ ചിത്രാഞ്ജലി, സത്യൻ ഓർബിറ്റ്, സി.കെ. രാമചന്ദ്രൻ, സലിംകുമാർ പുലിപ്ര, ജയദേവൻ ഗുരുഭവനം എന്നിവർ ആശംസകൾ നേർന്നു. തൊണ്ണൂറ്റിയൊന്നു വയസു കഴിഞ്ഞ കർഷകത്തൊഴിലാളി പള്ളിയാവെട്ടം അമ്പനാട്ട് വിളയിൽ ടി. ദാമോധരനെയും സാന്ത്വനം ആദരിച്ചു. വാർഡ് മെമ്പർ ബിജു വർഗ്ഗീസ് പൊന്നാട ചാർത്തി.