വയനാട് ഉരുൾപൊട്ടൽ കേരള സർക്കാർ കാരണം സംഭവിച്ചതെന്ന് വരുത്താൻ ശ്രമം.. ലേഖനങ്ങളെഴുതാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു…

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെ തുടർന്ന് കേരളം കടുത്ത പ്രതിസന്ധിയെ നേരിടുന്നതിനിടെ സംസ്ഥാനത്തെ വിമർശിച്ച് ലേഖനങ്ങളെഴുതാൻ ശാസ്ത്രജ്ഞരോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെന്ന് ആരോപണം. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആവശ്യപ്പെട്ടുവെന്നാണ് വിവരം.

കേരള സർക്കാറിന്റെ തെറ്റായ നയങ്ങളാണ് വയനാട്ടിൽ ഉരുൾപ്പൊട്ടലിന് കാരണമായതെന്ന രീതിയിൽ ലേഖനങ്ങൾ ഏഴുതാൻ പ്രസ് ഇൻ​ഫർമേഷൻ ബ്യൂറോ മൂന്ന് പേരെ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനായി കേരളത്തിൽ ക്വാറിയുടെ പ്രശ്നത്തെ കുറിച്ചുള്ള ​മുൻകാല വാർത്തകളുടെ ലിങ്കുകൾ ഉൾപ്പെടുത്തിയുള്ള ഒരു വേഡ് ഡോക്യുമെന്റ് അയച്ച് നൽകിയാണ് ലേഖനമെഴുതാൻ നിർദേശിച്ചിരിക്കുന്നത്.

ക്വാറികളുടെ പ്രവർത്തനവും ഖനനവും തടയുന്നതിൽ സംസ്ഥാന സർക്കാറിന് വീഴ്ച പറ്റിയെന്നും ഇത് വയനാട് ദുരന്തത്തിലേക്ക് നയിച്ചുവെന്നും ലേഖനത്തിൽ എഴുതാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതി ആഘാതങ്ങളെ കുറിച്ച് വിലയിരുത്തലുകൾ നടത്താതെയാണ് ക്വാറികൾക്ക് അനുമതി നൽകിയത്, അനുവദനീയമല്ലാത്ത ക്വാറികളുടെ എണ്ണം, മണ്ണിടിച്ചിലുകളും ക്വാറികളും തമ്മിലുള്ള ബന്ധം എന്നിങ്ങനെ
ലേഖനത്തിൽ എടുത്തു പറയേണ്ട നിരവധി കാര്യങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്.

Related Articles

Back to top button