ലേഡീസ് കോച്ചുകളിൽ തട്ടും മുട്ടും കൂടുന്നു….
തീവണ്ടികളിലെ ലേഡീസ് കോച്ചുകളിൽ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റു കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയിൽവേ പോലീസിന്റെ നിർദേശം. ലേഡീസ് കോച്ചുകളിൽ യാത്രചെയ്യുന്ന വനിതായാത്രക്കാരെ ഇവർ ബോധപൂർവം തട്ടിയും മുട്ടിയും ശല്യംചെയ്ത് കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.വനിതാ കംപാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് ജാഗ്രതയോടെ ഡ്യൂട്ടി ചെയ്യാൻ ബീറ്റ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്. അറിഞ്ഞും അറിയാതെയും ലേഡീസ് കോച്ചിൽ കയറുന്ന യാത്രക്കാരുമുണ്ട്. വനിതാ യാത്രക്കാർക്ക് ആത്മധൈര്യം നൽകാൻ തീവണ്ടികളിൽ വനിതാ പോലീസുകാർ കുറവാണ്.സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിലായി 36 വനിതാ പോലീസുകാർ മാത്രമാണുള്ളത്. കണ്ണൂർ,കാസർകോട് സ്റ്റേഷനുകളിൽ നാലുപേർ. ആർ.പി.എഫിന് കാസർകോട് ആരുമില്ല. കണ്ണൂരിൽ ഏഴുപേർ. കണ്ണൂർ ആർ.പി.എഫ്. പരിധിയിൽ 30 ഉദ്യോഗസ്ഥരാണുള്ളത്.