മോദിയുടെ റോഡ് ഷോ..പൊലീസിന് തിരിച്ചടി..വിമർശനം…
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിൽ നടത്തിയ റോഡ് ഷോയിൽ കുട്ടികൾ പങ്കെടുത്ത സംഭവത്തില്‍ കോയമ്പത്തൂർ പൊലീസിന് തിരിച്ചടി. റോഡ് ഷോക്കെതിരെ കേസെടുത്ത നടപടികൾ മദ്രാസ് ഹൈക്കോടതി തടഞ്ഞു .കേസെടുത്തതിനെതിരെ സ്കൂൾ മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് ഇടക്കാല സ്റ്റേ.എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി ഈ മാസം 24 ന് പരിഗണിക്കും .സായ് ബാബ വിദ്യാലയം സ്‌കൂൾ മാനേജ്‍മെന്റിനെതിരെയായിരുന്നു പൊലീസ് കേസ് എടുത്തിരുന്നത് .
റോഡ് ഷോക്കെതിരെ കേസെടുത്ത സംഭവത്തില്‍ പൊലീസിനെ കഴിഞ്ഞ ദിവസം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. കുട്ടികൾ റോഡരികിൽ നിൽക്കുന്നത് ക്രിമിനൽ കുറ്റം ആകുന്നതെങ്ങനെയെന്ന് ചോദിച്ച കോടതി കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചതായി കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി .വീട്ടുകാർ പരാതി നൽകുകയോ അനിഷ്ടസംഭവങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് മാധ്യമ സമ്മർദത്തിന് വഴങ്ങരുതെന്നും കോടതി വിമർശിച്ചു .
ശ്രീ സായി ബാബ എയ്‌ഡഡ് മിഡിൽ സ്കൂളിലെ 50-തോളം കുട്ടികൾ യൂണിഫോം ധരിച്ച് റോഡ് ഷോയിൽ നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിൽ പോലീസ് കേസ് എടുക്കുകയായിരുന്നു .വിദ്യാര്‍ത്ഥികൾക്കൊപ്പം റാലിയിൽ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടിക്ക് സ്കൂൾ മാനേജ്മെന്റിന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു.