മുൻ ഭാര്യയോടുള്ള വൈരാഗ്യം….കാറിൽ എംഡിഎംഎ വെച്ച കേസിൽ ഒരാൾ കൂടി പിടിയിൽ….
കാറില്‍ എംഡിഎംഎ വച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാൻ ശ്രമിച്ച ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചനയിൽ പങ്കെടുത്ത ചീരാൽ സ്വദേശി കെ.ജെ. ജോബിനെയാണ് ബത്തേരി പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ ഇതോടെ മൂന്നുപേർ അറസ്റ്റിലായി. മാർച്ച് പതിനേഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സിനിമാ കഥയെ വെല്ലുന്നതായുന്നു കേസുമായി ബന്ധപ്പെട്ട സംഭവങ്ങൾ. കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു പാളിയത്.
മുൻ ഭാര്യയോടുള്ള പകയിൽ ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കാറിൽ എംഡിഎംഎ വെച്ചത്. ദമ്പതികൾ വിൽപ്പനയ്ക്കായി ഓൺലൈൻ ആപ്പിൽ ഒരു കാർ പോസ്റ്റു ചെയ്തിരുന്നു. ഈ പരസ്യം ബാദുഷ കണ്ടു. പിന്നാലെയായിരുന്നു ഗൂഢാലോചന. സുഹൃത്തുക്കളായ മോൻസി, ജോബിൻ എന്നിവർക്കൊപ്പമാണ് ബാദുഷ പദ്ധതി തയ്യാറാക്കിയത്. സുഹൃത്ത് മോൻസിനെ ഉപയോഗിച്ച് ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ കാർ വാങ്ങി. ശേഷം ഡൈവർ സീറ്റിന്റെ റൂഫിൽ എംഡിഎംഎ ഒളിപ്പിച്ചു. പിന്നാലെ പൊലീസിന് രഹസ്യ വിവരം കൈമാറി.
പതിനായിരം രൂപ വാങ്ങി കാറില്‍ എം ഡി എം എ വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടിയതോടെയാണ് മുൻ ഭർത്താവിന്റെ ഗൂഡാലോചന പുറത്തായത്. എംഡിഎംഎ ഒളിപ്പിച്ചു വയ്ക്കാൻ മുഖ്യപ്രതി പതിനായിരം രൂപയാണ് മോൻസിക്ക് നൽകിയത്. മോൻസി അറസ്റ്റിലായതോടെ, ബാദുഷ ഒളിവിൽ പോവുകയും വിദേശത്തേക്ക് കടക്കാൻ പദ്ധതിയിടുകയുമായിരുന്നു. ചൈന്നൈയിൽ വച്ചാണ് ബാദുഷ പിടിയിലായത്. ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ്, ഗൂഢാലോചനയിൽ ജോബിനും പങ്കാളിയെന്ന വിവരം പൊലീസ് കിട്ടിയത്.