മാവേലിക്കരയിൽ യുവാവിനെ കൊലപ്പടെുത്തിയ സംഭവം : ക്വട്ടേഷന്‍ നല്കിയ വനിത ഉള്‍പ്പടെ മൂന്ന് പേര് റിമാന്റില്‍
മാവേലിക്കര: നഗരമധ്യത്തിന് സമീപം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ വനിത സുഹൃത്ത് ഉള്‍പ്പടെ മൂന്ന് പേരെ റിമാന്റിലായി. ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷ് ഭവന്തില് രാജേഷ്(49) കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ വനിത സുഹൃത്ത് തിരുവല്ല കവിയൂര്‍ ആഞ്ഞലിത്താനം ചെമ്പകശേരില്‍ വീട്ടില്‍ സ്മിത.കെ.രാജ്(42), പത്തനംതിട്ട മെഴുവേലി നെടിയകാല സനു നിവാസില്‍ സനു സജീവന്(27), ചെന്നിത്തല കാരാഴ്മ മനാതിയില്‍ വീട്ടില്‍ ബിജുകുമാര്‍(39) എന്നിവരാണ് റിമാന്റിലായത്.
ചൊവ്വാഴ്ച രാവിലെയാണ് മാവേലിക്കര മിച്ചല്‍ ജംഗ്ഷന് വടക്ക് ഭാഗത്തുള്ള യൂണിയന് ബാങ്കിന്റെ മുന്പില് രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പ്രതികളെ കുറിച്ചുള്ള സൂചനകളും വിവിധ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭ്യമായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ നിന്നായി മദ്യപിച്ച ശേഷം കൊല്ലപ്പെട്ട രാജേഷും പ്രതികളായ സനുവും ബിജുവും മറ്റൊരു സുഹൃത്തും ബാറില്‍ എത്തിയിരിന്നു. ബാറില്‍ രാജേഷ് ബഹളം ഉണ്ടാക്കിയതിനെ തുടര്‍നന് ബാര്‍ ജീവനക്കാര്‍ രാജേഷിനെ വെളിയില്‍ ഇറക്കിവിട്ടു. ഇതേ തുടര്‍ന്ന് എതിര്‍വശത്തെ ബാങ്കിന്റെ വരാന്തയില്‍ വന്നിരുന്ന രാജേഷ് വീണ്ടും ബാറില്‍ കയറി മദ്യപിച്ചശേഷം ബാങ്കിന്റെ മുന്‍വശത്ത് തറയോട് പാകിയിക്കുന്നിടത്ത് വന്ന് കിടന്നു. ഇതിനോടകം പ്രതികളടക്കം എല്ലാവരും പോയിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 12.45 ഓടെ തിരികെ എത്തിയ സനുവും ബിജുവും മദ്യപിച്ച് കിടക്കുകയായിരുന്ന രാജേഷിനെ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് എഴുന്നേറ്റ രാജേഷിനെ സനു തെള്ളി താഴെയിടുകയായിരുന്നു. തെറിച്ചു താഴെ വീണ രാജേഷിന്റെ തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കുവേണ്ടി സംസ്ഥാനമൊട്ടാകെ പോലീസ് സംഘം ഉടനടി തിരച്ചില്‍ നടത്തിയങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. അയല്‍ സംസ്ഥാനത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികളെ പന്തളം കുളനട ഭാഗത്തു വെച്ച് മാവേലിക്കര പൊലീസ് സഹസികമായി പിടികൂടുകയായിരുന്നു.
ബാറിന് പുറത്ത് മദ്യപ സംഘം തമ്മില്‍ നടന്ന അടിപിടി എന്നതില്‍ നിന്ന് ഇതൊരു ക്വട്ടേഷന്‍ ആക്രമണമായിരുന്നു എന്ന തരത്തിലേക്ക് അന്വേഷണം വഴിമാറിയത് ബാറില്‍ പ്രതികളും രാജേഷും മദ്യപിച്ചിരുന്നതിന്റെ പണം ഗൂഗിള്‍പേ വഴി ഒടുക്കിയത് ഒരു യുവതിയാണെന്ന് കണ്ടെത്തിലാണ്. കൂടാതെ രാജേഷ് കൊല്ലപ്പെട്ടതിനു ശേഷം സ്ഥലത്തു നിന്നു പോയ പ്രതികള്‍ പുലര്‍ച്ചെ ഒന്നരയോടെ വീണ്ടും ബൈക്കില്‍ തിരിച്ചെത്തി മരിച്ചു കിടക്കുന്ന രാജേഷിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തി മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. രാജേഷ് മരണപ്പെട്ട ദൃശ്യങ്ങള്‍ സ്മിതയ്ക്ക് അയച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് മൊബൈലില്‍ ചിത്രീകരിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. പ്രതികള്‍ക്ക് കൃത്യം നടത്തുന്നതിനുവേണ്ടി മദ്യപിക്കുന്നതിനും സ്മിത പണം നല്‍കിയതായി പൊലീസിനോട് സമ്മതിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും സ്മിതയുടെ ശബ്ദ സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട രാജേഷിന്റെ പോസ്റ്റ്മോര്‍ട്ടത്തിനും, മരണാനന്തര ചടങ്ങുകളിലും സ്മിത പങ്കെടുത്തിരുന്നു.രാജേഷ് ചങ്ങനാശേരിയില്‍ നടത്തിയിരുന്ന മാരേജ് ബ്യൂറോ ഇപ്പോള്‍ സ്മിതയാണു നടത്തുന്നത്. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ടു രാജേഷും സ്മിതയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് രാജേഷ് സ്മിതയെ മര്‍ദിച്ചിരുന്നു. ഇതിന്റെ വിരോധത്തില്‍ സുഹൃത്തുക്കളോടു രാജേഷിനെ മര്‍ദ്ദിക്കാന്‍ സ്മിത നിര്‍ദേശം നല്‍കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഗൂഢാലോചനക്കുറ്റം ചുമത്തി സ്മിതയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ സംഭവ സ്ഥാലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് മാവേലിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ ഡിവൈഎസ്പി കെ.എന്‍. രാജേഷ്, മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ബിജോയ്, എ.എസ്.ഐ പി.കെ. റിയാസ്, എ.എസ്.ഐ സജുമോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, സജന്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, ശ്രീജിത്ത്, അരുണ്‍ ഭാസ്കര്‍, അനന്തമൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.