ഭാര്യയെ കൊലപെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിന്
മലപ്പുറം : യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖ് (35) ആണ് റിമൻഡിലായത്. ഏലംകുളം പൂത്രോടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്ന (30) ആണ് സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്.
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചോടെ ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ബലമായി കൈയും കാലും കെട്ടിയിട്ട് ഇയാൾ പീഡിപ്പിച്ചതായും സൂചനയുണ്ട്. കൊലപാതകത്തിന് ശേഷം റഫീഖ് മണ്ണാർക്കാട് ആവണക്കുന്നിലെ വീട്ടിലേക്ക് പോയി. അവിടെനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫഹ്ന ധരിച്ചിരുന്ന രണ്ടു വളയും മാലയും പ്രതിയുടെ വീട്ടിൽനിന്ന് സി.ഐ സി. അലവിയുടെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തു.
പ്രതിയെ വൈദ്യപരിശോധന നടത്തി പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഒന്നിന്റെ ചുമതലയുള്ള തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റഫീഖിനെതിരെ കോഴിക്കോട് റെയിൽവേ പൊലീസിൽ കളവ് കേസും കല്ലടിക്കോട് സ്റ്റേഷൻ പരിധിയിൽ എ.ടി.എമ്മിന് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചെന്ന കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.