ഭാര്യ ‘ധനം’, ഭർത്താവ് പ്രാണൻ..പ്രണയമാണ് ഇവരുടെ ഭാഷ…

ആര്യനാട്: ഭാര്യയാണ് കൃഷ്ണൻ്റെ ധനം. ഭർത്താവ് പ്രാണനാണ് രാജമ്മയ്ക്ക്. ഒരു വ്യത്യാസം മാത്രം നാട്ടിലല്ല…, കാട്ടിലാണ് ഇരുവരുടേയും വാസം. കൂട്ടിനുള്ളത് വന്യമൃഗങ്ങളും.നാട്ടിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള കലഹവും ആത്മഹത്യകളും കൈയിൽ കരുതിയിട്ടുള്ള റേഡിയോയിലൂടെ കേൾക്കുമ്പോൾ വനവാസിയായ കൃഷ്ണൻ കാണി(88) ഭാര്യ രാജമ്മയെ ചേർത്തു പിടിച്ച് പറയും, ഇവളാണ് എൻ്റെ ധനമെന്ന്. ഒരുതരി പൊന്നോ, ഒരിഞ്ച് മണ്ണോ വാങ്ങാതെ 64 വർഷം മുമ്പാണ് കൃഷ്ണൻ രാജമ്മയുടെ കഴുത്തിൽ മിന്നുകെട്ടിയത്. അന്നു മുതൽ പ്രണയമാണ് ഇവരുടെ ഭാഷ, സന്തുഷ്ടമാണ് ജീവിതം…!

പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഇളംപമ്പയാര്‍, കക്കി ജലസംഭരണിയിലേക്ക് സംഗമിക്കുന്ന സ്ഥലത്ത് പാറയിടുക്കില്‍ കാടിനോട് ചേര്‍ന്ന് കൃഷ്ണന്‍ കാണിയും ഭാര്യ രാജമ്മയും താമസിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോൾ വര്‍ഷം നാല്‍പത് കഴിഞ്ഞു. കൊടുംകാടിനു നടുവില്‍ തമ്മിൽ സ്നേഹിച്ചു ജീവിക്കുന്ന ഈ ദമ്പതികള്‍ക്ക് കൂട്ടായി വന്യമൃഗങ്ങള്‍ മാത്രം. അവയുടെ ഉപദ്രവം ഉണ്ടായിട്ടില്ല ഇവർക്ക്. കാരണം, അവർക്കും ഇഷ്ടമാണ് വർധക്യത്തിലും പ്രണയിച്ചു തീരാത്ത ഈ ദമ്പതികളെ.

തിരുവനന്തപുരം പാലോട് ഒരുപാറകരിക്കകം സ്വദേശികളാണ് ഈ ദമ്പതികള്‍. ഈറ്റ വെട്ടാനായിട്ടാണ് ഇവര്‍ വർഷങ്ങൾക്ക് മുമ്പ് കാടുകയറുന്നത്. വനവാസി അരയര്‍ വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ പിന്നീട് കാടു തന്നെ വീടാക്കി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് രാത്രിയിൽ ഇരുട്ടകറ്റുന്നത്. മാസത്തില്‍ ഒരു തവണ കാടിറങ്ങും. കാട്ടിൽ നിന്ന് ശേഖരിച്ച കുന്തിരിക്കം, തേന്‍ തുടങ്ങിയ വിഭവങ്ങൾ നാട്ടിൽ കൊണ്ടുപോയി വിൽക്കും. പിന്നെ ആവശ്യസാധനങ്ങള്‍ വാങ്ങി എര്‍ത്ത് ഡാമിലെത്തി വീണ്ടും കാടുകയറും. വനത്തിലൂടെ നടന്നും മുളംചങ്ങാടത്തില്‍ കയറിയുമാണ് പുറംലോകത്ത് വരുന്നതും മടങ്ങുന്നതും.

Related Articles

Back to top button