ബാങ്ക് അക്കൗണ്ട് ചാർജുകളിൽ ഇന്ന് മുതൽ മാറ്റം…നിയമങ്ങൾ അറിഞ്ഞിരിക്കാം…
രാജ്യത്തെ പല പ്രമുഖ ബാങ്കുകളും ബുധനാഴ്ച (മേയ് 1) മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ നടപ്പിലാക്കും. മാറുന്ന നിയമങ്ങൾ അറിയാതെ പോയാൽ സാമ്പത്തിക ആസൂത്രണം പാളിപ്പോകാൻ സാധ്യത കൂടുതലാണ്.
ഐസിഐസിഐ ബാങ്ക് ബുധനാഴ്ച മുതൽ വിവിധ സേവിംഗ്സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ നടപ്പിലാക്കും. ചെക്ക് ബുക്ക് ഇഷ്യു, ക്ലിയറിങ് സേവനങ്ങൾ, ഡെബിറ്റ് റിട്ടേണുകൾ തുടങ്ങിയവയെ ഈ മാറ്റങ്ങൾ ബാധിക്കും .ഡെബിറ്റ് കാർഡ് വാർഷിക ഫീസ് ഇനി പ്രതിവർഷം 200 രൂപയായിരിക്കും. ഗ്രാമീണ മേഖലയിൽ ഇത് പ്രതിവർഷം 99 രൂപയാണ്. വർഷം തോറും ആദ്യത്തെ 25 ചെക്ക് ലീഫുകൾ സൗജന്യമായി നൽകും. അതിനുശേഷം ഓരോന്നിനും 4 രൂപ ഈടാക്കും. IMPS നിരക്കുകളിലും മാറ്റം വരും. 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ ആയിരിക്കും.1,000 മുതൽ 25,000 രൂപ വരെ ഓരോ ഇടപാടിനും 5 രൂപ ഈടാക്കും. 25,000 മുതൽ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപയായിരിക്കും. അക്കൗണ്ട് ക്ലോഷർ ചാർജ് ഈടാക്കില്ല.
മേയ് 1 മുതൽ ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടയ്ക്കുന്നതിന് യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ചെലവ് വർധിപ്പിക്കും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകൾക്കും ഒരു ശതമാനം നിരക്ക് ബാധകമാകും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ 15,000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ അടയ്ക്കാൻ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ, ജിഎസ്ടിയും 1 ശതമാനം നികുതിയും ചേർക്കും. എന്നാൽ, യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകൾക്ക് ഈ അധിക ഫീസ് ഈടാക്കില്ല