പ്രതിഷേധങ്ങൾക്ക് വിട.. സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും….

പ്രതിഷേധങ്ങൾക്ക് താൽക്കാലിക വിട നൽകി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും.പരിഷ്കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പിന്മാറിയതാണ് ഗതാഗത വകുപ്പിന് ആശ്വാസമായത്. പുതുക്കിയ പരിഷ്കാരങ്ങളിലെ അതൃപ്തി കാരണം കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ നിശ്ചലമായിരുന്നു.പുതുക്കിയ പരിഷ്കാരവുമായി മുന്നോട്ട് തന്നെയെന്ന് സർക്കാരും പരിഷ്കാരം അനുവദിക്കില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ യൂണിയനുകളും നിലപാട് എടുത്തതോടെയാണ് ട്രാക്കുകളിൽ പ്രതിഷേധം പുകഞ്ഞത്.

എതിർപ്പ് കനത്തതോടെ പരിഷ്കാരങ്ങളിൽ ഇളവുകൾ തയ്യാറാക്കിയിരുന്നു .ഇതോടെയാണ് താത്കാലികമായി സമരം അവസാനിപ്പിക്കാൻ സിഐടിയു അടക്കമുള്ള സംഘടനകൾ തീരുമാനിച്ചത്. പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ഈ മാസം 23ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗണേഷ് കുമാറുമായി ചർച്ച നടത്തുന്നുണ്ട്.ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മറ്റ് പ്രശ്നങ്ങൾ ഈ യോഗത്തിൽ ചർച്ചയാകും. ഇതിലും വഴങ്ങാൻ മന്ത്രി തയ്യാറായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ഉൾപ്പെടെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സിഐടിയു തീരുമാനം.

Related Articles

Back to top button