പോലീസ് സ്റ്റേഷനിൽ അഭയം തേടിയെ സുകേശിനി ഇനി ഗാന്ധിഭവന്റെ തണലിൽ

ഹരിപ്പാട് : കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ മുളക്കുഴ അരീക്കര ചെറുകുന്നിൽ സുകേശിനി (64)ക്ക് ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട്ടിൽ സംരക്ഷണം നൽകി. സ്വന്തമായി ഉണ്ടായിരുന്ന സ്ഥലം വിറ്റ് ജീവിക്കാനായി ഭർത്താവ് രാഘവൻ ഒരു ഓട്ടോറിക്ഷ വാങ്ങുകയും മുളക്കുഴ അരീക്കരയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. 7 വർഷം മുൻപ് സുകേഷിനിയെ തനിച്ചാക്കി ഭർത്താവ് വിട പറഞ്ഞു. ആകെയുള്ള ഓട്ടോറിക്ഷ വിറ്റ് കിട്ടിയ പണവുമായി സഹോദരങ്ങളുടെ വീട്ടിലായി കഴിഞ്ഞു. കഴിഞ്ഞ ആറു വർഷക്കാലമായി അരീക്കരയിലുള്ള സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സഹോദരിയും ഭർത്താവും വാർദ്ധക്യസഹജമായ രോഗത്തിൽ ബുദ്ധിമുട്ടിൽ ആയപ്പോൾ സുകേശിനിയെ കൂടി സംരക്ഷിക്കുവാൻ കഴിയാത്ത അവസ്ഥയായി തുടർന്ന് മുതുകുളത്തുള്ള ചില ബന്ധുവീടുകളിൽ എത്തിയെങ്കിലും പ്രതീക്ഷകൾ നഷ്ടമായി. എവിടെ പോകണം എന്നറിയാതെ മുതുകുളം പാണ്ഡവർ കാവ് ജംഗ്ഷനിൽ ക്ഷീണിതയായി നിന്ന സുകേശിനിയെ അതുവഴി ഡ്രൈവിംഗ് പഠനത്തിന് വന്ന രണ്ട് യുവതികൾ വിവരം തിരക്കുകയും കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു. അന്വേഷണത്തിൽ പോകാൻ മറ്റിടങ്ങളോ സംരക്ഷിക്കാൻ ബന്ധുക്കളോ ഇല്ലാത്തതിനെ തുടർന്ന് വനിതാ പോലീസ് കോൺസ്റ്റബിൾ ജെസീല.എ ഗാന്ധിഭവനുമായി ബന്ധപ്പെടുകയായിരുന്നു ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ നേരിട്ടെത്തി ഗാന്ധിഭവൻ സ്നേഹവീട്ടിലേക്ക് ഏറ്റെടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, പോലീസ് ഓഫീസർമാരായ ജെസീല. എ, ശ്യാം, സനോജ് എന്നിവരാണ് സുകേശിനിയെ ഗാന്ധിഭവനിലേക്ക് യാത്രയാക്കിയത്. സംരക്ഷണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുമെന്ന് ഗാന്ധിഭവൻ അധികൃതർ അറിയിച്ചു.

Related Articles

Back to top button