പോയത് മോദിയെ കാണാൻ… റോഡ് ഷോയിൽ പങ്കെടുക്കാൻ ആരും വിളിച്ചില്ല….

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോയിൽ ഇടം ലഭിക്കാത്ത സംഭവത്തില്‍ മറുപടിയുമായി മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. അബ്ദുള്‍ സലാം. പാലക്കാട്‌ പോയത് മോദിയെ കാണാനും മലപ്പുറത്തേക്ക് ക്ഷണിക്കാനുമാണെന്നും റോഡ് ഷോയിൽ പങ്കെടുക്കാൻ ആരും വിളിച്ചിരുന്നില്ലെന്നും ഡോ. അബ്ദുള്‍ സലാം പറഞ്ഞു. തന്നെ റോഡ് ഷോയിൽ നിന്നും ഒഴിവാക്കി എന്ന കഥ അടിസ്ഥാനമില്ലാത്തതാണ്. മൂന്നു പേർക്ക് മാത്രമാണ് വാഹനത്തിൽ കയറാൻ അനുമതി ഉണ്ടായിരുന്നത്.

വാഹനത്തിന് അടുത്ത് നിന്നപ്പോൾ അതിൽ കയറാനാണെന്നു ചിലർക്ക് തോന്നിക്കാണും. മോദി സ്നേഹം തോന്നി വിളിച്ചാലും വാഹനത്തിൽ കയറാൻ സ്ഥലം ഉണ്ടായിരുന്നില്ല. മോദി വന്നാൽ മലപ്പുറവും മാറും.അത് കൊണ്ടാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും അബ്ദുള്‍ സലാം പറഞ്ഞു. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റേണ്ടതില്ലെന്നും വെള്ളിയാഴ്ച മറ്റെന്തെല്ലാം കാര്യങ്ങൾ നടത്തുന്നുവെന്നും അബ്ദുള്‍ സലാം പറഞ്ഞു. ഒരു മത വിഭാഗം മാത്രം അങ്ങനെ ആവശ്യപ്പെടുന്നത് ശരിയല്ല.അങ്ങനത്തെ നിലപാട് ആ മതവിഭാഗത്തെ ഒറ്റപ്പെടുത്തുകയെ ഉള്ളു. എല്ലാ മത വിഭാഗങ്ങളും ഇങ്ങനെ പറയാൻ തുടങ്ങിയാൽ എന്ത് സംഭവിക്കും? ഉച്ചക്ക് പള്ളിയിൽ പോകുന്ന സമയം ഒഴികെ മറ്റു സമയങ്ങളിൽ വോട്ടു ചെയ്യാമല്ലോയെന്നും അബ്ദുള്‍ സലാം പറഞ്ഞു.

Related Articles

Back to top button