പൊലീസുകാരന്‍റെ 6 വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി….

മോചന ദ്രവം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പൊലീസുകാരന്‍റെ മകനെ അക്രമികൾ കൊലപ്പെടുത്തി.മൃതദേഹം കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.മീററ്റിലെ ഇഞ്ചോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുപി പൊലീസിൽ കോൺസ്റ്റബിളായ ഗോപാൽ യാദവിന്‍റെ ആറുവയസുള്ള മകൻ പൂനീതിനെ ആണ് അക്രമികൾ കൊലപ്പെടുത്തിയത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പൂനീതിനെ ഞാറാഴ്ച രാവിലെ എട്ട് മണിയോടെയാണ് കാണാതാവുന്നത്.

തുടർന്ന് കുട്ടിക്കായി തെരച്ചിൽ നടക്കുന്നതിനിടെയാണ് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം ഗോപാൽ യാദവിന് എത്തിയത്. ഇക്കാര്യം ഇദ്ദേഹം പൊലീസിൽ അറിയിച്ചു. പൊലീസ് കുട്ടിക്കായി തെരച്ചിൽ നടത്തുന്നതിനിടെ വൈകിട്ട് ഗ്രാമത്തിലെ ഒരു കരിമ്പിൻ തോട്ടത്തിൽ വെച്ച് പുനീതിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം നാടകമാണെന്നുമാണ് ആറുവയസുകാരന്‍റെ കുടുംബം ആരോപിക്കുന്നത്.ഗോപാൽ യാദവിന്‍റെ കുടുംബം ഗ്രാമത്തിലെ മറ്റൊരു കുടുംബവുമായി ഭൂമി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയാണ് കൊലപാതകമെന്നാണ് ആരോപണം.

Related Articles

Back to top button