പരിസ്ഥിതി പ്രവർത്തകന് റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണം

മാവേലിക്കര: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മാവേലിക്കരയിൽ നിന്നും ഒരു ക്ഷണിക്കപ്പെട്ട അതിഥി. വനം വകുപ്പിൻ്റെ നേതൃത്വത്തിൽ മിയാ വാക്കി മാതൃകയിൽ സ്ഥാപിച്ച ചെറു വനം സംരക്ഷിച്ച് പരിപാലിക്കുന്നതിന് നേതൃത്വം നൽകുന്നതിന് മൻകി ബാത്തിൽ ആദരം ലഭിച്ച ആലപ്പുഴ താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിലെ ജീവ ശാസ്ത്ര അധ്യാപകനായ മാവേലിക്കര തെക്കേക്കര പളളിയാവട്ടത്ത് സന്തോഷ് ഭവനിൽ റാഫിരാമനാഥിനാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ജേഷ്ഠ സഹോദരൻ അജയകുമാറും കൂടെ ഉണ്ടാവും.
102ാം മത്തെ മൻകി ബാത്തിലാണ് പ്രധാനമന്ത്രി റാഫി രാമനാഥനെ പരാമർശിച്ചത്. കുട്ടികളോടൊത്ത് മണ്ണും, ജലവും, വായുവും സംരക്ഷിക്കാനുള്ള റാഫി രാമനാഥിൻ്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിൽ ഏറെ പ്രധാന പെട്ടതായിരുന്നു മിയാവാക്കി മാതൃകയിൽ വിദ്യാലയ വളപ്പിൽ സ്ഥാപിച്ച വിദ്യാവനം പദ്ധതി. സ്കൂൾ മാനേജ്മെന്റ് അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്ത് റാഫി രാമനാഥിൻ്റെ നേതൃത്വത്തിൽ 115 ഇനങ്ങളിലായി 460 മരങ്ങൾ നട്ടുകൊണ്ടാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കിയത്. 2004ൽ ജോലിയിൽ പ്രവേശിച്ച റാഫി 2009ൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കോർഡിനേറ്റർ ആയതോടെ കുട്ടികളുമൊത്ത് പ്രവർത്തനം തുടങ്ങിയത്.
ജില്ലയിലെ വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നക്ഷത്രവനം, ഔഷധത്തോട്ടം, ശലഭോദ്യാനം തുടങ്ങിയ ജൈവ വൈവിധ്യ സംരക്ഷണത്തിലൂടെ ഒരു ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടു സംരക്ഷിക്കുന്നുണ്ട്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കിയ ‘നാട്ടുപച്ച’, ‘ശലഭോദ്യാനം’ എന്നീ പദ്ധതികളിലും പങ്കാളിയായി. സ്കൂളില്‍ കുട്ടികളുടെ നഴ്സറി ആരംഭിച്ച് കുട്ടികളെ കൊണ്ട് വിത്ത് പാകി വൃക്ഷതൈകള്‍ മുളപ്പിച്ച് നട്ടുവളര്‍ത്തുന്ന പദ്ധതിക്കും തുടക്കമിട്ടു.

ജൈവവൈവിധ്യ ബോർഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷകനുളള സംസ്ഥാന പുരസ്കാരം, വനമിത്ര പുരസ്കാരം, ഐവാല വൃക്ഷമിത്ര പുരസ്കാരം, സംസ്ഥാന ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ് മികച്ച പരിസ്ഥിതി സംരക്ഷകന്‍, ശുചിത്വമിഷന്‍ മികച്ച കോര്‍ഡിനേറ്റര്‍, വനംവകുപ്പിന്‍റെ പ്രകൃതി മിത്ര പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണ പാഠങ്ങള്‍ വിദ്യാര്‍ഥി കളിലേക്കും ,പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി നിർമിച്ച തളിര് നല്ല നാളെയ്ക്കായി എന്ന ഡോക്യുമെന്‍ററിക്ക് സംസ്ഥാന ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസില്‍ പുരസ്കാരം ലഭിച്ചു. നരേന്ദ്രപ്രസാദ് നാടകപഠനഗവേഷണ കേന്ദ്രം ഭരണസമിതിയംഗമാണ്. രാമനാഥൻ പിള്ളയുടെയും , സുഭദ്രാമ്മയുടെയും മകനാണ്. ഭാര്യ ശ്രീലക്ഷ്മി. മക്കൾ- ആർ.എസ്.അദ്വൈത്, ആർ.എസ്.പാർത്ഥിവ്.

Related Articles

Back to top button