തൊഴിലുറപ്പ് ജോലികൾക്കിടെ മഞ്ഞ നിറത്തില്‍ ഒരു വസ്തു… പരിശോധിച്ചപ്പോൾ….

തിരുവനന്തപുരം: കാട്ടാക്കടയിൽ തൊഴിലുറപ്പ് ജോലികൾക്കിടയിൽ പുരയിടത്തിൽ കല്ലിനിടയിൽ മഞ്ഞ നിറത്തിലുള്ള ഒരു വസ്തു കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ നാടൻ ബോംബ് ആണെന്ന് കണ്ടെത്തി. പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട് ഇറയാംകോടാണ് സംഭവം. കാപ്പിക്കാട് സ്വദേശി ഖദറുദ്ദീന്റെ ഭൂമിയിലാണ് നാടൻ ബോംബ് കണ്ടെത്തിയത്. അടുത്തിടെ ഈ പ്രദേശത്ത് നിന്നാണ് മംഗലപുരം സ്റ്റേഷൻ പരിധിയിലെ ബോംബേറ്, വധശ്രമ കേസുകളിലെ പ്രതിയെ ഒളിവിൽ കഴിയവേ പൊലീസ് പിടികൂടിയത്.

കല്ലിനിടയിൽ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ടേപ്പ് ചുറ്റിയ നാടൻ ബോംബിൽ ചിരട്ട കമഴ്ത്തിയ നിലയിലായിരുന്നു. ജോലിക്കിടെ തൊഴിലാളികൾ ചിരട്ട എടുത്തപ്പോഴാണ് നാടൻ ബോംബ് കണ്ടത്. വിവരമറിഞ്ഞ് കാട്ടാക്കട പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത ബോംബ് നിർവീര്യമാക്കാനായി ബോംബ് സ്ക്വാഡ് കൊണ്ടു പോയി.സ്വാതന്ത്ര്യസമര സേനാനികൾക്കു പതിറ്റാണ്ടുകൾക്ക് മുൻപേ പതിച്ച് നൽകിയ സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്.

ബോംബ് കണ്ടെത്തിയ പുരയിടത്തില്‍ ആൾ താമസം ഇല്ല. ഇവിടെ നേരത്തെ റബർ കൃഷി ചെയ്തിരുന്നു. റബർ മുറിച്ചിട്ട് ആറ് മാസം കഴിഞ്ഞു. ഇതിന് ശേഷമാണ് ഇവിടെ ബോംബ് വന്നതെന്നാണ് നിഗമനം. സ്വാതന്ത്ര്യ സമര സേനാനി അന്തരിച്ച എം.അലിയാരുകുഞ്ഞിനു സർക്കാർ പതിച്ചു നൽകിയ സ്ഥലം ഇപ്പോൾ മകന്‍റെ കൈവശമാണ്. അതേസമയം പ്രദേശത്ത് സാമൂഹിക വിരുദ്ധരും ലഹരി മാഫിയയും തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Back to top button