തിരുവനന്തപുരം നോർത്ത് – മംഗലാപുരം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
മാവേലിക്കര- തിരുവനന്തപുരം നോർത്ത് – മംഗലാപുരം ജംഗ്ഷൻ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി തന്റെ ആവശ്യം പരിഗണിച്ചാണ് കോട്ടയം വഴി 16 ജനറൽ കോച്ചുകളുള്ള വീക്കിലി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. നിലവിൽ ആലപ്പുഴ വഴി സർവീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസിന്റെ കോച്ചുകളാണ് ഒഴിവ് ദിവസങ്ങളിൽ കോട്ടയം വഴി സർവീസിനായി ഉപയോഗിക്കുന്നത്. ട്രെയിനിലെ മുഴുവൻ കോച്ചുകളും ജനറൽ കമ്പാർട്ട്മെന്റുകളാണ്.
നിലവിലെ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ തിങ്കളാഴ്ചകളിൽ വൈകിട്ട് 5.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെ 6.50ന് മംഗലാപുരം ജംഗ്ഷനിൽ എത്തും. തിരിച്ചുള്ള സർവീസ് ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിച്ച് ബുധനാഴ്ച പുലർച്ചെ 6.35ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. മാവേലിക്കര മണ്ഡലത്തിലെ ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശാസ്താംകോട്ട സ്റ്റേഷനിൽ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്നും എം.പി പറഞ്ഞു. മെയ്-ജൂൺ മാസങ്ങളിലായി ആകെ ആറു സർവീസുകൾക്കാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കി ഈ സർവീസ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്ഥിരമാക്കുന്നതിനായി ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്നും എം.പി അറിയിച്ചു.
യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ ആവശ്യം പരിഗണിച്ചാണ് വിഷയത്തിൽ എം.പി ഇടപെട്ടത്. റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, സതേൺ റെയിൽവേ ജനറൽ മാനേജർ എന്നിവർക്ക് നേരത്തെ ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു . 24ന് മധുരയിൽ ചേർന്ന സതേൺ റെയിൽവേ ജനറൽ മാനേജറുമായുള്ള യോഗത്തിൽ ജനറൽ മാനേജർ ആർ.എൻ സിങ്ങിനോട് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് എം.പി ആവശ്യപ്പെത്തിന്റെ അടിസ്ഥാനത്തിലാണ് വളരെ വേഗത്തിൽ തന്നെ സർവീസ് അനുവദിച്ചുകൊണ്ട് റെയിൽവേ തീരുമാനം കൈക്കൊണ്ടത്.