തലസ്ഥാനത്തെ’ളോഹയിട്ട’ ആംബുലൻസ് ഡ്രൈവർ….

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ തിരക്കേറിയ പാതയിലൂടെ ജീവനും കൊണ്ട് പായുന്ന ആംബുലൻസുകളിൽ ഒന്നിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഒരു ളോഹയിട്ട മനുഷ്യനെ കണ്ടാൽ ആരും ഞെട്ടണ്ട. അത് ഫാദർ ജോസഫ് ചക്കാലക്കുടിയിൽ ആണ്. കാഞ്ഞിരംപാറ ബെൻസിജർ ഹോമിൻ്റെ ഡയറക്ടർ.

നാല് മാസ്റ്റർ ബിരുദവും ഇംഗ്ലീഷിൽ ഡോക്ടറേറ്റുമുണ്ട് ഇടുക്കി അണക്കര സ്വദേശിയായ ജോസഫ് അച്ഛന്. പക്ഷേ, അടിസ്ഥാന യോഗ്യത മനുഷ്യസ്നേഹമെന്ന് അച്ഛൻ അടിവരയിട്ട് പറയുന്നു. സമർപ്പിത ജീവിതം എന്തെന്ന് കർമ്മം കൊണ്ട് അടയാളപ്പെടുത്തുന്ന പുരോഹിതൻ. ആർസിസിയിൽ എത്തുന്ന രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകാനാണ് 2019 ൽ ബെൻസിജർ ഹോം ആരംഭിക്കുന്നത്. പ്രതിമാസം ആയിരത്തിലേറെ രോഗികളാണ് അഭയം തേടിയെത്തുന്നത്. ഇവിടെ നിന്ന് ആർസിസിയിലേക്കുള്ള അഞ്ചര കിലോമീറ്റർ ദൂരം ദിവസേന പോയിവരാനുള്ള രോഗികളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സ്ഥാപനം ആംബുലൻസ് വാങ്ങിയത്. ഡ്രൈവറുടെ ശമ്പളം ബാധ്യതയായി വന്നപ്പോൾ സാരഥ്യം ജോസഫ് അച്ഛൻ ഏറ്റെടുത്തു.

ഹോമിലെത്തുന്ന രോഗികൾക്ക് മാത്രമല്ല അച്ഛൻ്റെ ആംബുലൻസ് സേവനം. സമീപവാസികളിൽ നിന്നും ചില ആശുപത്രികളിൽ നിന്നുമൊക്കെ ജോസഫ് അച്ഛൻ്റെ മൊബൈലിലേക്ക് അത്യാഹിത വിളിയെത്തുന്നു. രോഗിയുമായി ആംബുലൻസ് നിരത്തിലിറങ്ങിയാൽ അച്ഛൻ്റെ നിമിഷങ്ങൾക്ക് ജീവൻ്റെ വിലയാണ്. ഇപ്പോൾ വിശ്വാസികൾക്കൊപ്പം അച്ഛനെ അറിയുന്നവരും പറയുന്നു… ഇത്, ആംബുലൻസ് അൾത്താരയാക്കുന്ന ദൈവദാസൻ.

Related Articles

Back to top button