ഡോ വന്ദനാ ദാസ് കൊലക്കേസ് : പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു….

ഡോ.വന്ദനാ ദാസ് കൊലപാതകക്കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന  പ്രതി സന്ദീപിനെ വരുന്ന 8ാം തീയതി നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. കേസിൽ പ്രതിക്കെതിരെയുള്ള കുറ്റപത്രത്തിന് മേൽ വാദം കേൾക്കാനിരുന്നതാണ് ഇന്ന്. പ്രതിഭാഗം സുപ്രീം കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്തിട്ടുള്ളതിനാൽ കുറ്റപത്രത്തിന് മേലുള്ള വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി ഫയൽ ചെയ്തിരുന്നു.

എന്നാൽ കേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി പടിക്കൽ  ഈ ഹർജിയെ ശക്തമായി എതിർക്കുകയും ചാർജ്ജിന് മേലുള്ള വാദത്തിന് പ്രോസിക്യൂഷൻ തയ്യാറാണെന്നും സാക്ഷി വിസ്താരം താമസിപ്പിക്കുന്നതിനായാണ് ഇത്തരം ഹർജികൾ ഫയൽ ചെയ്യുന്നതെന്നും കോടതിയിൽ അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്ന കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മെയ് 8ന് പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു. വന്ദനാ ദാസിൻ്റെ മാതാപിതാക്കളും ഇന്ന് കോടതി നടപടികൾ വീക്ഷിക്കുവാൻ എത്തിയിരുന്നു.

സംഭവം നടന്ന 2023 മെയ് 10ന് തന്നെ അറസ്റ്റിലായ പ്രതി സന്ദീപ് നിലവിൽ റിമാൻ്റിൽ കഴിഞ്ഞു വരികയാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഡോ.വന്ദന ദാസ് കൊലക്കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ തന്നെയാണ് പ്രോസിക്യൂഷൻ്റെ തീരുമാനം. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Related Articles

Back to top button