ഡോ.വന്ദനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി… മാനസിക രോഗമെന്ന് ആളുർ….

കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോ.വന്ദനാ ദാസ് കേസിൽ കുറ്റപത്രത്തിന്മേൽ  വാദം കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെ പൂർത്തിയായി. പ്രതിയെ കുറ്റവിമുക്തനാക്കണമെന്നുള്ള പ്രതിഭാഗം ഹർജിയെ എതിർത്തു കൊണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ, കൃത്യമായ ഉദ്ദേശത്തോടെയും തയ്യാറെടുപ്പോടെയും പ്രതി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണ് ഡോ വന്ദനക്ക് നേരെയുണ്ടായതെന്ന് കോടതിയിൽ വാദിച്ചു. അതു കൊണ്ടു തന്നെ പ്രതിക്കെതിരെ കൊലപാതകവും, കൊലപാതക ശ്രമവുമുൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

പ്രതിക്ക് മാനസിക രോഗമുള്ളതായ പ്രതിഭാഗം അഭിഭാഷകൻ ആളുരിൻ്റെ വാദത്തെ ഖണ്ഡിച്ചു കൊണ്ട്, ഹോസ്പിറ്റലിലെ ഡ്രസിംഗ് റൂമിൽ മനപൂർവ്വമായി ബഹളമുണ്ടാക്കി, ആ ബഹളത്തിനിടയിൽ കത്രിക കൈക്കലാക്കി  പ്രതി കൈകളിൽ ഒളിപ്പിച്ചുവെച്ചതും, ആക്രമിക്കപ്പെട്ടവരുടെയെല്ലാം ശരീരത്തിലെ പ്രധാന ഭാഗങ്ങളിൽ പല തവണ മുറിവേൽപ്പിച്ചതും പ്രതിയുടെ ക്രൂരമായ ഉദ്ദേശത്തെ വെളിവാക്കുന്നതാണെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. വന്ദനയെ കൈകൾ പിടിച്ച് ബലമായി ഇരുത്തി ഇരുപത്തി ആറു തവണ നെഞ്ചത്തും മുഖത്തും മറ്റും കുത്തി പരിക്കേൽപ്പിച്ചു എന്നത് കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയുള്ള ആക്രമണമായിരുന്നു എന്നത് തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

 അന്വേഷണ വേളയിൽ വിവരങ്ങൾ പോലിസ് പത്രമാധ്യമങ്ങളിൽ നല്കി എന്ന ആരോപണം പ്രതിഭാഗം കോടതിയിൽ ഉയർത്തി. എന്നാൽ സത്യസന്ധമായ കേസ് അന്വേഷണ വിവരങ്ങൾ പത്ര മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് മാധ്യമ ധർമ്മമാണെന്നും അതിനെ വിലക്കാൻ സാധിക്കുകയില്ലെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. ഹർജിയിൽ കോടതി മെയ് 29 ന് വിധി പറയും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Related Articles

Back to top button