ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചു മാറ്റി പ്രദേശത്തെ ഇരുട്ടിലാക്കും….സംഭവത്തിൽ ഒരാൾ അറസ്റ്റിൽ….
കെഎസ്ഇബി കല്ലായി സെക്ഷൻ പരിധിയിലെ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചുമാറ്റുകയും റിംഗ് മെയിൻ യൂണിറ്റുകൾ ഓഫ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെരുവയൽ കല്ലേരി സായി കൃപയിൽ വി രജീഷ് കുമാറിനെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. രണ്ടാം പ്രതിയും കെ എസ് ഇ ബി ഇലക്ട്രിസിറ്റി വർക്കറുമായ സുബൈർ വി. ഇപ്പോൾ ഒളിവിലാണ്. ഇയാളെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് അർദ്ധരാത്രിയാണ് കല്ലായി, പന്നിയങ്കര പ്രദേശങ്ങളിലെ പതിമൂന്നോളം ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് വയർ മുറിച്ചും ആറ് ആർ എം യുകൾ ഓഫ് ചെയ്തും ഒരു പ്രദേശത്തെയാകെ ഇവർ ഇരുട്ടിലാക്കിയത്. സിസിടിവി ദൃശ്യങ്ങളിൽനിന്നും ഇവർ കൃത്യം നിർവ്വഹിക്കുന്നത് വ്യക്തമാണ്. നേരത്തെ കരാറടിസ്ഥാനത്തിൽ വാഹന കോൺട്രാക്ടറായിരുന്ന രജീഷിനെ കൃത്യനിർവ്വഹണത്തിലെ ക്രമക്കേടുകളെത്തുടർന്ന് താക്കീത് ചെയ്തതിലെ പ്രകോപനമാണ് ഈ പ്രവൃത്തിക്ക് പിന്നിലുള്ളത് എന്നാണ് പൊലീസിന്‍റെ നിഗമനം.