ചോക്ലേറ്റ് ഫാക്ടറി ജോലി തട്ടിപ്പ് കേസ്.. മുഖ്യ സൂത്രധാരൻ അറസ്റ്റിൽ…

അമ്പലപ്പുഴ: ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. തൃശ്ശൂർ കേച്ചേരി ചിറനല്ലൂർ തിയോളിയിൽ പ്രദീപ് വിഹാറിൽ മുഹമ്മദ് ആഷിഖ് (51) നെ ആണ്പുന്നപ്ര പൊലീസ് സേലത്തു നിന്നും അറസ്റ്റു ചെയ്തത്.2022 ഓഗസ്റ്റ് മാസം മുതൽ 2022 നവംബർ മാസം വരെ ആലപ്പുഴ ജില്ലയിലാണ് തട്ടിപ്പിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. ആലപ്പുഴ സ്വദേശികളും, മറ്റു ജില്ലക്കാരും ആയിട്ടുള്ള വിവിധ ഉദ്യോഗാർത്ഥികളെയാണ് ഈ കാലയളവിൽ വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയ്യാൾ വഞ്ചിച്ചത്. ഓഫർ ലെറ്റർ നൽകിയ ശേഷം ഇവരിൽ നിന്നും പണം കൈപ്പറ്റി വിദേശത്ത് എത്തിച്ച ശേഷം ജോലി നൽകാതെ മടക്കി അയച്ചു വഞ്ചിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിൽ നൂറോളം പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചത്. അമീർ മുസ്തഫ എന്ന വ്യാജ പേര് ഉപയോഗിച്ചാണ് പ്രതി തട്ടിപ്പുകൾ നടത്തിവന്നിരുന്നത്. വിദേശ നമ്പറിലുള്ള വാട്സ്ആപ്പ് വഴി ഉദ്യോഗാർത്ഥികളെ പരിചയപ്പെടുന്ന ഇയാൾ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണെന്ന് പരിചയപ്പെടുത്തിയ ശേഷം ഉദ്യോഗാർത്ഥികളുടെ വിശ്വാസം കയ്യിലെടുക്കുകയാണ് പതിവ്. ജസ്റ്റ് ഡയൽ പോലുള്ള ആപ്പ് ഉപയോഗിച്ച് വെബ്സൈറ്റ് വിദഗ്ധരുടെ ഫോൺ നമ്പർ കൈവശപ്പെടുത്തി പരിചയം സ്ഥാപിച്ച ശേഷം അവരുടെ സഹായത്തോടെ ഫാക്ടറിയുടെതെന്ന് തോന്നിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കി വ്യാജ വിലാസവും ഫോൺ നമ്പറുകളും നൽകിയും, ഫേസ്ബുക്ക് പേജുകൾ ക്രിയേറ്റ് ചെയ്തും, ഗൂഗിൾ മാപ്പുകളിൽ ലൊക്കേഷൻ ആഡ് ചെയ്ത് റിവ്യൂ ചെയ്തും ഇയാൾ ഉദ്യോഗാർഥികൾക്കിടയിൽ വിശ്വാസ്യത നേടിയിരുന്നു.എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയ്യാളുടെ തട്ടിപ്പ് രീതി പ്രൊഫഷണൽ കുറ്റവാളികളെ പോലും വെല്ലുന്നതാണ്. തട്ടിപ്പിന് മുമ്പായി ഇയ്യാൾ യൂട്യൂബ് വീഡിയോസിന്റെ സഹായത്താൽ പൊലീസിൽ നിന്ന് രക്ഷപ്പെടുവാനുള്ള മുൻ കരുതുകലും മനസ്സിലാക്കിയിരുന്നു. സഹായികൾ വഴി ഉദ്യോഗാർത്ഥികളിൽ നിന്ന് പണംകൈപ്പറ്റിയും, ബാങ്ക് അക്കൗണ്ട് അവഗണിക്കുകയും വഴി തന്നിലേക്ക് തെളിവുകൾ ഒന്നും തന്നെ അവശേഷിപ്പിക്കാതെ ആയിരുന്നു പ്രതിയുടെ നീക്കങ്ങൾ . തുടർന്ന് ആലപ്പുഴ ജില്ലാ മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ധ സ്ക്വാഡിനെ നിയോഗിച്ച് മൊബൈൽ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അന്വേഷണം ഇയ്യാളിലേക്കെത്തിയത്. അയൽവാസികളുമായി അടുത്ത് ഇടപഴകാത്ത ഇയ്യാൾ തൻ്റെ ഐഡന്റിറ്റി വെളിപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധയും പുലർത്തിയിരുന്നു. തൃശ്ശൂർ സ്വദേശി ആയ പ്രതി നിലവിൽ സേലം ഭാഗത്തായിരുന്നു വാടകയ്ക്ക് താമസച്ചിരുന്നത്. ഇതിനു മുൻപ് ഇയ്യാൾ കോഴിക്കോട്, ചെന്നൈ, മാങ്ങാട്, ബാംഗ്ലൂർ കൊരമംഗല ഭാഗത്തും താമസിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കുറച്ചു ദിവസങ്ങളായി പൊലീസ് പ്രതി താമസിച്ചുവന്നിരുന്ന സേലം ഭാഗത്തുള്ള വാടക വീടും, പരിസരവും നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് രാത്രി പ്രതി വീട്ടിലേക്ക് കയറുന്ന സമയം ഇയ്യാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റ് തട്ടിപ്പുകളും ഇയാൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പ്രതി അൽ മുർത്തസ എന്ന ഹൈപ്പർ മാർക്കറ്റിന്റെ പേരിൽ തട്ടിപ്പ് നടത്താനായി നീക്കങ്ങൾ ആരംഭിച്ചിരുന്നതായും അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയ്യാൾ പേൾസ് ഗ്രൂപ്പ് ഹോട്ടൽ, അൽഹദീർ ഹൈപ്പർ മാർക്കറ്റ് എന്നീ പല സ്ഥാപനങ്ങളുടെയും പേര് ഉപയോഗിച്ച് പലതരത്തിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായും പൊലീസ് സംശയിക്കുന്നു. ഇയ്യാൾക്കെതിരെ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ നിലവിൽ ആറോളം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റു ചെയ്തിട്ടുള്ള ഏഴോളം പ്രതികൾ ജാമ്യ വ്യവസ്ഥയിൽ പുറത്തുണ്ട്.ഇയാളുടെ മറ്റ് സഹായികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button