എസ്.ഡി.പി.ഐ പിന്തുണ – രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് അപകടകരം…
ലോക്സഭ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ, യു.ഡി.യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ പറ്റി രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് അപകടകരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതോടെ എസ്.ഡി.പി.ഐ നിലപാട് യുഡിഎഫ് അംഗീകരിച്ചുവെന്ന് വ്യക്തമാണ്.രാജ്യത്തിന് വിനാശമായ നിലപാടാണിതെന്നും അദ്ദേഹം വ്യക്തമാക്കി .വണ്ടൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത് .
വോട്ട് ബാങ്കിന് വേണ്ടി രാജ്യത്തിൻ്റെ താത്പര്യങ്ങൾ കോൺഗ്രസ് ബലി കഴിക്കുകയാണ്. ഇത് ആത്മഹത്യപരമാണെന്ന് രാഹുൽ മനസിലാക്കണം. ഇന്ത്യയുടെ വികസനവും പുരോഗതിയും തടസപ്പെടുത്താൻ വിദേശത്ത് പോയി പ്രചരണം നടത്തിയ ആളാണ് രാഹുൽ.കോൺഗ്രസിൻ്റെയും രാഹുലിൻ്റെയും നിലപാട് നാടിനെതിരെയുള്ളതാണ്. അപക്വമായ ഈ നിലപാടിൽ നിന്നും രാഹുൽഗാന്ധി പിൻമാറണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു എംപി എന്ന നിലയിൽ രാഹുൽ പൂർണ പരാജയമാണ്. വയനാട്ടുകാർക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. വയനാട്ടുകാർക്ക് അദ്ദേഹത്തിനെ കാണാൻ പോലും സാധിച്ചിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു .